Tuesday, December 25, 2012

ഈ വാക്ക് പഠിക്യാ ...

അവസരങ്ങളെ ഭയപ്പെടാതിരിക്കുക , സാഹസികതയെ വാരിപ്പുണരുക. ഞാന്‍ നിനക്ക് തന്നിട്ടുള്ള പതിനഞ്ചു എക്യുവും, കുതിരയും , ദ ട്രെവില്ലിക്കുള്ള കത്തും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുക .

ഇന്ന്,  ദാര്തന്ജന്‍ ഗാസ്കനിയില്‍നിന്ന് പാരിസിലേക്ക് തിരിക്കുകയാണ് . ഒപ്പം അച്ഛന്‍ ഏല്‍പ്പിച്ച മൂന്നു നിധികള്‍ ... പതിനഞ്ചു എക്യുവും , ഒരു കുതിരയും ഒപ്പം ദ ട്രെവില്ലിക്കുള്ള കത്തും . തന്‍റെ ചിരകാലാഭിലാഷമായിട്ടുള്ള മസ്കട്ടേഴ്സില്‍ ചേരാനായി .

My son , be worthy of your noble name ... ബര്നാര്ദ് ബാട്സ് ഇത് പറഞ്ഞ് നിര്‍ത്തിയതും, നാരായണന്‍ സര്‍ പുസ്തകം മടക്കി ഞങ്ങള്‍ ആറു പേരുടെ ഡെസ്കിനടുത്തു വന്നിരുന്നു .
ഞങ്ങള്‍ ആറു പേരും അപ്പോളും ഗാസ്കനിയില്‍ നിന്ന് യാത്ര തിരിക്കുന്ന ദാര്തന്ജനൊപ്പമായിരുന്നു . ക്ലാസ്സില്‍ ഞങ്ങളുടെ അംഗബലം കണ്ട് 'മനസ്സ് നിറഞ്ഞത്' കൊണ്ടാണെന്ന് തോന്നുന്നു ,അന്ന് സര്‍ പറഞ്ഞു . 

അലക്സാണ്ടര്‍ ദ്യൂമസിന്‍റെ "The Three musketeers" ന് ലോകത്തില്‍ അന്ന് വരെ ലഭിച്ചിട്ടുള്ള ഒരു വേദിയില്‍പ്പോലും ഇത്രയും കുറച്ചു ശ്രോതാക്കള്‍ ഉണ്ടായിക്കാണില്ല .

.ഞങ്ങള്‍ ചിരിച്ചു

അടുത്തകാലത്തെന്നോ അടര്‍ത്തിമാറ്റപ്പെട്ട പ്രീ-ഡിഗ്രി കൊഴ്സിന്‍റെ അവസാന ദളങ്ങളില്‍ ഒന്നായിരുന്നു ഞങ്ങളുടെ ബാച്ച് .ഒരു പത്താം ക്ലാസുകാരന്‍റെ അമ്പരപ്പും, ഭയവും, മാറുന്നതിനു  മുന്‍പേ കഴിഞ്ഞു പോയതായിതോന്നിയിട്ടുണ്ട് പ്രീ-ഡിഗ്രി കാലം . എന്നിരുന്നാലും ഓര്‍മയുള്ളവകളില്‍ ഒന്നാണ് നാരായണന്‍ സാറിന്‍റെ ഇംഗ്ലീഷ് ക്ലാസ്.

ഭാവികാല എഞ്ചിനീയറിംഗ് വാഗദാനങ്ങളായ പ്രതിഭകള്‍ ഫിസിക്സ്‌,മാത്സ് ട്യൂഷന്‍ ക്ലാസുകല്‍ക്കായി ഇംഗ്ലീഷ് ക്ലാസ്സിനെ 'മുറിച്ചു മാറ്റി' പോകുമ്പോള്‍ ഞങ്ങള്‍ ആറു പേര്‍ മാത്രം ദര്തഞ്ഞന്റെയും നാരായണന്‍ സാറിന്റെയും കൂടെ പാരിസിലേക്ക് യാത്ര തിരിച്ചു . 

പിന്നീടുള്ള ക്ലാസുകളില്‍ ഒന്നില്‍പ്പോലും, കുറഞ്ഞപക്ഷം എന്‍റെ ഓര്‍മയിലെങ്കിലും അദ്ദേഹം ഒരിക്കല്‍പ്പോലും പ്ലാട്ഫോര്‍മില്‍ കയറി നിന്ന് ക്ലാസ്‌ എടുത്തിട്ടില്ല . എന്നും ഞങ്ങള്‍ മുന്‍പിലെ ബഞ്ച് സാറിന് ഇരിക്കാനായി ഞങ്ങള്‍ ഒഴിച്ചിട്ടു . അതുകൊണ്ട് തന്നെ ദര്തന്ജന്റെ യാത്രകളില്‍ മുഴുവന്‍ സിഗരറ്റ് മണം നിറഞ്ഞു നിന്നു . 

"ഈ വാക്ക് പഠിക്യാ ... "  പുതു വാക്കുകള്‍ വരുമ്പോള്‍ സര്‍ പറയും . 

ആ ഉപദേശത്തിന്‍റെ വില അന്ന് പിടികിട്ടിയിരുന്നില്ലെങ്കിലും പിന്നീട് പലപ്പോഴും പല വാക്കുകള്‍ക്ക് മുന്‍പിലും മിഴിച്ചു നിന്നപ്പോള്‍ എന്‍റെ കാതുകളില്‍ ഉച്ചത്തില്‍ മുഴങ്ങിയിരുന്നു സാര്‍ പറയാറുള്ളത് , ഒപ്പം നരച്ച താടിയുള്ള സാറിന്‍റെ മുഖവും .

ഒരിക്കലാരോ ക്ലാസ്സില്‍ കാണിച്ച എന്തോ ഒരു നേരമ്പോക്കിനു അല്‍പം കടുപ്പത്തില്‍ ഇപ്രകാരമായിരുന്നു ശാസന .

 " ജീവിതത്തില്‍ എന്തെങ്കിലും ഇതിനകം നിങ്ങള്‍ നേടിക്കഴിഞ്ഞു എന്ന് നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ അത് വെറുതെയാണെന്ന് മനസിലാക്കുക . നല്ല വീട്ടില്‍പ്പിറന്നു, ബൌധികപരമായി അല്പം മുന്നില്‍ നില്‍ക്കുന്ന ചിലരുടെ സാമീപ്യം കൊണ്ട് മാത്രം ഇവിടെ വരാനായ നിങ്ങള്‍, ഒന്ന് കണ്ണ് തുറന്നു കാണണം . ഒരുപാടുണ്ട് നമുക്ക് ചുറ്റും, എല്ലാമുണ്ടായിട്ടും ഒന്നും ആകാനാകാത്തവര്‍, അല്ലെങ്കില്‍ അവസരം കിട്ടാത്തവര്‍ . 

മുന്‍പേ പറഞ്ഞ ചിന്ത മനസ്സില്‍ തോന്നിതുടങ്ങുമ്പോള്‍ അവയെ കടിഞ്ഞാണിടാന്‍, വരും കാലങ്ങളില്‍ നിങ്ങളെ നേര്‍വഴി കാണിക്കാന്‍ ... ഇതോര്‍ക്കുക ... "


ഇന്ന് മീറ്റിംഗ് നടന്നപ്പോള്‍ കേട്ട പുതിയൊരു വാക്ക് എഴുതി വച്ചു . അങ്ങനെയൊരു പതിവില്ല , പിന്നെടെന്തോ അങ്ങനെ ചെയ്യാന്‍ തോന്നി . ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം ഇതെല്ലാം ഓര്‍ത്തത് കൊണ്ടാകാം .

എന്നിട്ട്  ചെറിയ ശബ്ദത്തില്‍ ഞാന്‍ മാത്രം കേള്‍ക്കെപ്പറഞ്ഞു ... "ഈ വാക്ക് പഠിക്യാ ... " 



Saturday, November 10, 2012

ഓര്‍മ്മകള്‍ ...


ഏകദേശം ഒന്‍പതു മുതല്‍ പത്തു വര്‍ഷം പഴക്കമുള്ള ഇ-മെയിലുകള്‍ !

സത്യം പറഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ നിശബ്ദമായി ഇല്ലായ്മ ചെയ്തത്,  പഴയ എഴുത്തുകുത്തുകളെ  മാത്രമല്ല , ഹൃദയസ്പര്‍ശികളായ ഇമെയിലുകളെ കൂടെയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ലെന്നു അറിയുക ...

ജോലി കിട്ടി ബോംബെയില്‍ പോയതും , ജോലിയില്‍ ജോയിന്‍ ചെയ്തതും , ആദ്യമായി ശമ്പളം വാങ്ങി നാട്ടിലേക്ക് അയച്ചതും അങ്ങനെ ഒരു പിടി ഓര്‍മ്മകള്‍ നിറഞ്ഞു നില്‍കുന്ന മെയിലുകള്‍ .
ചിലവ കണ്ണ് നിറയിക്കുന്നവ , ചിലത് വായിച്ചാല്‍ അങ്ങ് തൃശൂര്‍ പുഞ്ചക്കോളിന്‍റെ കാറ്റ് ഏല്‍ക്കുന്ന സുഖം തരുന്നവ മറ്റു ചിലവ വായിക്കുമ്പോള്‍ മുഖത്തു ഒരു കുസൃതിച്ചിരി വരും . മനസ്സ് പറയും,

എടാ കള്ളാ ...

2003 ല്‍ തുടങ്ങി 2007 ലെ മെയിലുകള്‍ വായിച്ചു സമയം നോക്കുമ്പോള്‍ സമയം രാത്രി 10:30 കഴിഞ്ഞിരിക്കുന്നു . അടുത്ത ചില സുഹൃത്തുക്കള്‍ക്ക് ഫോര്വേര്‍ഡും ചെയ്തു .

കൊള്ളാം ... ഒരു പുതിയ നേരം പോക്ക് . ശ്രമിച്ചു നോക്കൂ ...

ഈയിടെ സുബീഷിനെ വിളിച്ചപ്പോള്‍ പറഞ്ഞു ,  ഞാനും ഈയിടെ ഇതൊന്നു ചെയ്തു നോക്കി വിനോദ്‌ ...

പക്ഷെ ഓര്‍മ്മകള്‍ അതിഭയങ്കരണ്മാര്‍ ആണ് . സൂക്ഷിച്ചു കളിച്ചില്ലെങ്കില്‍ അങ്ങ് വലിച്ചു കൊണ്ട് പോകും .മുറുകെ  പിടിച്ചു നില്‍ക്കുക .,,,

 പ്രത്യേകിച്ച് നിങ്ങള്‍ ദൂരെയാണെങ്കില്‍ ...

Sunday, October 14, 2012

കിനാശ്ശേരിയും,ഷിക്കാഗോയും,ചെന്താമരാക്ഷനും...


കിനാശ്ശേരി പടിഞ്ഞാറേത്തൊടിയില്‍ പരമേശ്വരക്കുറുപ്പിന്റെയും ഭാഗീരഥിയമ്മയുടെയും മകന്‍ ചെന്താമരാക്ഷക്കുറുപ്പ് എന്ന ജാവാ ഡിവലപ്പര്‍ മനസില്ലാമനസ്സോടെ പറഞ്ഞു .

          "വില്യം ...,  താങ്കള്‍ക്ക് എന്നെ കുറുപ്പ് എന്ന് വിളിക്കാം"

കുട്ടിക്കുറുപ്പ്, കുഞ്ഞിക്കുറുപ്പ് , കുറുപ്പ് എന്നീ അഭിസംഭോധനാ പദങ്ങളോടുള്ള വെറുപ്പ്‌  നമ്മുടെ കഥാനായകന്‍ ചെറുപ്പം മുതലേ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാലും ഭഗവാന്‍റെ പേരായ "ചെന്താമരാക്ഷന്‍ " എന്ന പേര് ചെറുതാക്കി  , "ചെന്ത" എന്ന് വില്യം വിളിച്ചപ്പോള്‍ ഭാവിയിലത് "ചെണ്ടയായി" ലോപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ചെന്താമരാക്ഷന്‍ ഈ കടുത്ത തീരുമാനം എടുത്തത്‌.

ഇനി താന്‍ "കുറുപ്പ്" എന്ന ചുരുക്കപ്പേരില്‍  അറിയപ്പെടും.

വില്യം എന്ന ഫിലാഡെല്‍ഫിയക്കാരന്‍ പ്രോജക്റ്റ്‌ മാനേജര്‍ നമ്മുടെ കഥാനായകനെ അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് . പുതിയ പ്രോജക്റ്റ്‌ ചര്‍ച്ചകള്‍ക്കായിട്ട് .

കിനാശ്ശേരി വിട്ട് ആദ്യമായി ട്രെയിന്‍ കയറുമ്പോള്‍ തോന്നിയ ആവേശവും , ആകാംക്ഷയും ഒന്നും തോന്നിയില്ല കുറുപ്പിന് അത് കേട്ടപ്പോള്‍ .ബാംഗ്ലൂര്‍,ഡല്‍ഹി,മുംബൈ എന്നീ മഹാനഗരങ്ങള്‍ വിട്ട്പി ന്നീട് ചെന്നയില്‍ സ്ഥിരമായപ്പോള്‍,  നഗര ജീവിതത്തോട് അയാള്‍ക്ക്‌ അകല്‍ച്ച തോന്നിത്തുടങ്ങിയിരുന്നു .എന്ത് ചെയ്യാം ...  കിനാശ്ശേരിയില്‍ ജാവ ഡിവലപ്പുമെണ്ട് സെന്റര്‍ ഇല്ലല്ലോ . "വര്‍ക്ക്‌ ഫ്രം ഹോം" ചെയ്യാമെങ്കിലും കിനാശ്ശേരിയിലേക്ക് 'ജാവയെ' കൊണ്ട് പോകാന്‍ താലപ്പര്യമില്ല ചെന്താമരാക്ഷന്.

കിനാശ്ശേരി എന്നും പച്ച നിറഞ്ഞ പാടങ്ങളുടെയും, ആമ്പല്‍പ്പൂക്കള്‍ നിറഞ്ഞ കുളങ്ങളുടേയും, കിനാശ്ശേരി തേവരുടെയും, കുഞ്ഞിക്കൊരന്റെ തേക്ക് പാട്ടിന്‍റെയും നാടായിതുടര്‍ന്നാല്‍ മതി ചെന്താമരാക്ഷന് .അവിടെ 'ജാവ കോഡ് ഏററും, ബഫര്‍ ഓവര്‍ ഫ്ലോയും , എസ്.എല്‍.എ പ്രസന്റേഷനും ഒന്നും വേണ്ട.ചെന്താമരാക്ഷന്‍ പണ്ടേ തീരുമാനിച്ചു .

മകന്‍ അമേരിക്കയിലേക്ക്‌ പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ അഭിമാനതില്‍പ്പരം സന്തോഷമാണ് പരമേശ്വരക്കുറുപ്പിനു തോന്നിയത് .തോമസ്‌ ജെഫേര്‍സണ്‍ടെയും, എബ്രഹാംലിങ്കണ്‍ടെയും നാട്ടിലേക്ക് തന്‍റെ മകന്‍ പോകുന്നു എന്നുള്ളത് ആ പഴയ മലയാളം മാസ്ടര്‍ക്ക് സന്തോഷമേകി .അതും ഷിക്കാഗോയിലേക്ക് .

                                           സ്വാമി വിവേകനന്ദര്‍ , അമേരിക്കയിലെ എന്‍റെ സഹോദരീ സഹോദരങ്ങളെ എന്ന് അഭിസംഭോധന ചെയ്തു പ്രസംഗിച്ച മഹാ നഗരം.

നെഹ്രുവിയന്‍ സിദ്ധാന്തങ്ങളും , ഗാന്ധിയുടെ അനാസക്തി യോഗ സിന്ധാന്തങ്ങളും കേട്ട് പരിചയിച്ചു,  വിശ്വസിച്ചിരുന്ന പരമേശ്വരക്കുറുപ്പിന് വര്‍ത്തമാനകാല  സംഭവ വികാസങ്ങളില്‍ താല്‍പ്പര്യമില്ലാത്തത് ഒബാമയുടെ പുതിയ ഭരണ പരിഷ്കാരങ്ങളിലോ, യു.പി.എ യുടെ നൂതന ആശയങ്ങിളിലോ വിശ്വാസമില്ലാത്തതുകൊണ്ടല്ല, മറിച്ച് വയസ്സായത് കൊണ്ടാണെന്ന് ചെന്താമരാക്ഷന്‍ മനസ്സിനെ വിശ്വസിപ്പിച്ചു .

ചെന്നയില്‍ ജെമിനി ഫ്ലൈ ഓവറിനു താഴെ വിസ ഇന്റര്‍വ്യൂവിനു പോയപ്പോള്‍ ചെന്താമരാക്ഷന്‍ ജീവിതത്തില്‍ ആദ്യമായി കോട്ടും,കണ്oകൌപീനവും(tie) ധരിച്ചു. കോട്ടില്‍ കാക്ക "കടാക്ഷിചെങ്കിലും" അതൊരു നല്ല നിമിത്തമായെടുത്തു .തന്‍റെ പേര് പറയാന്‍ ബുദ്ധിമുട്ടിയ വിസ ഓഫീസറോഡ്‌ തന്നെ "കുറുപ്പ്" എന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ചെന്താമരാക്ഷന്‍റെ മുഖത്ത് ചെറു പുഞ്ചിരി ഉണ്ടായിരുന്നു .അയാള്‍ മനസ്സില്‍ കരുതി .

ഇനി ഒരു പക്ഷെ നാട്ടുകാര്‍ക്കെന്നെ "വലിയ കുറുപ്പ്" എന്ന് വിളിക്കാം . "വലിയ കുറുപ്പ്" .

ചെന്താമരാക്ഷന്‍ തയാര്‍ എടുക്കുകയാണ് , എബ്രഹാം ലിങ്കന്റെ നാട്ടിലേക്ക് ...,സ്വാമികള്‍ പ്രസംഗിച്ച മഹാനഗരത്തിലേക്ക് ... , വില്യം ബ്ലെയരുടെ അതിഥിയായിട്ടുള്ള യാത്രക്കായിട്ട് ...




Sunday, September 16, 2012

ഒരു നാലുകെട്ടിന്റെ ഓര്‍മ്മയ്ക്ക്‌ ...


                                          ഈ യാത്ര എല്ലാ മാസത്തിലുമുള്ളതാണ്  മനുവിന് , മാസത്തിലെ അവസാനത്തെ വീക്കെന്‍ഡില്‍ . തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടെക്കുള്ള യാത്ര .കോഴിക്കോട്ടെ പഴയ കൂട്ടുകാരുടെ കൂടെ  ഒരു ഒത്തുകൂടല്‍ . വിവാഹത്തിനു മുന്‍പേ തുടങ്ങിയതാണ് . വിവാഹത്തിനു ശേഷം രേണു അത് അനുവദിച്ചു തന്നു . ഒറ്റ കണ്ടീഷനില്‍ ... 'അധികം കഴിക്കരുത്' .

എല്ലാ മാസവും വെള്ളിയാഴ്ച വൈകുന്നേരം തൃശ്ശൂര്‍ KSRTC സ്റ്റാന്‍ഡില്‍ നിന്നും ബസ്‌ കയറാന്‍ വരുന്ന തന്നെ ഒരുവിധം കണ്ടക്ടമാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും  പരിചയമാണ് .

കഥകള്‍, ആനുകാലിക സംഭവങ്ങള്‍  , പുതിയതായി ഇറങ്ങിയ സിനിമകള്‍ എന്നിവയെപ്പറ്റിയുള്ള സംവാദങ്ങള്‍ , അല്പം മദ്യ സേവ അങ്ങനെ കടന്നു പോകും ആ രണ്ടു ദിവസങ്ങള്‍ .പണ്ട് പല 'കുപ്പികള്‍' കാലിയായിരുന്നെങ്കില്‍ ഇപ്പോള്‍ അത്രെയില്ല . എല്ലാവരും പ്രാരാബ്ദ്കാരായില്ലേ. മാത്രമല്ല 'വാമഭാഗങ്ങളുടെ' താക്കീതും കാരണം .

ഈ സംഘം ചേരലിന്‍റെ ഫലമായി പല സര്‍ഗ രചനകളും പല സമയത്തായി പൂവിട്ടിട്ടുമുണ്ട് .

ഇപ്രാവശ്യം എന്തോ അത്ര തിരക്കനുഭവപ്പെട്ടില്ല ബസ്സില്‍ . പുറകില്‍ നിന്നും മൂന്നാമത്തെ നിരയിലെ സൈഡ് സീട്ടിലിരിക്കുമ്പോള്‍ കണ്ടക്ടര്‍ മോഹനന്‍ പുറകില്‍ നിന്നും ചോദിയ്ക്കുന്നത് കേട്ടു .

"ഇന്നെന്താ പത്രമാപ്പീസ്സില്‍  നിന്ന് ഏറെങ്ങാന്‍ വൈകിയോ " .

"ആഹ് . കുടിവെള്ള പ്രശ്നത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ശരിയാക്കി ഇറങ്ങാന്‍ തുടങ്ങുബോള്‍ ദേ വരുന്നു അടുത്തത് ... ഒരു തരത്തില്‍ ഒപ്പിച്ച് ഇറങ്ങാന്‍ വൈകിപ്പോയി ..." മനു പറഞ്ഞു .

യാത്ര മനുവിന് എന്നും ഹരമാണ് . പ്രത്യേകിച്ച് തനിചുള്ള യാത്ര . വിവാഹത്തിനു ശേഷം വളരെ കുറഞ്ഞു എന്നിരുന്നാലും മാസത്തില്‍ ഒന്നോ രണ്ടു ദൂര യാത്ര എങ്ങനെയെങ്കിലും തരമാകാരുണ്ട് . യാത്ര പോകേണ്ട ഇടത്തേക്ക് ഏറ്റവും വളഞ്ഞു പോകുന്ന വണ്ടിയിലെ അയാള്‍ കയറാരുള്ളൂ . അത്രയും നേരം തനിയെ പുറം കാഴചകള്‍ കണ്ടിരിക്കാന്‍ വേണ്ടി ....

എത്രയോ വട്ടം കണ്ടു പഴകിയ വളവുകളും,വീടുകളും,കട മുറികളും, അമ്പലപ്പറമ്പുകളും , പള്ളികളും വീണ്ടും വീണ്ടും കാണുമ്പോള്‍ എന്തോ ഒരു നിര്‍വൃതി അയാളില്‍ നിരയുന്നതായി മനുവിന് തോന്നിയിയിട്ടുണ്ട് . യാത്ര ചെയ്യുമ്പോള്‍ തന്നോട് ആരെങ്കിലും സംസാരിക്കുന്നതോ , മൊബൈല്‍ ഫോണില്‍ വിളിക്കുന്നതോ മനുവിന് ഇഷ്ടമില്ല .രേണുവിനോട് പ്രത്യേകം പറഞ്ഞു വച്ചിട്ടുണ്ട് , യാത്രക്കിടയില്‍ വിളിക്കരുതെന്ന് . ബസ്സില്‍ കയറുമ്പോള്‍ ഒരു വിളി . ഇറങ്ങി സ്ഥലത്ത് ചെല്ലുമ്പോള്‍ പിന്നെയൊന്ന് . അത്ര തന്നെ .

 ഒരിക്കല്‍ കൂടെ യാത്ര ചെയ്ത ജോണ്സന്‍ പരാതി പറഞ്ഞു .ഞാനില്ല ...  ഇനി മനു സാറിന്‍റെ കൂടെ ബസ്സില്‍...   തൃശ്ശൂരില്‍ നിന്ന് കോഴിക്കോട് വരെ എന്നോടാകെ മിണ്ടിയത്, ശരി .., ആ ...,ഏ ..., ഇല്ല , അതെ ...  എന്ന് മാത്രമാ . മനു മന്ദഹസിച്ചു അത് കേട്ടപ്പോള്‍ .

ബസ്സ്‌ ടൌണ്‍ അടുക്കാറാകുന്നു . ഇനി കൂടിയാല്‍ അര മുക്കാല്‍ മണിക്കൂര്‍ എടുക്കും .മനു വാച്ചില്‍ നോക്കി .

വളവു തിരിഞ്ഞാല്‍ ഉടനെ കാണാം ആ വലിയൊരു നാലുകെട്ട് . മുറ്റത്ത് നിറയെ മരങ്ങള്‍ നിറഞ്ഞ് ...  ഒരു പാടുകാലമായി പൂട്ടിയിട്ട് കിടക്കുകയാണ് . വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരൊക്കെയോ ഉണ്ടായിരുന്നെന്നു തോന്നുന്നു താമസക്കാരായി . മുറ്റത്തൊരു കാറ് കിടക്കുന്നുണ്ടായിരുന്നു മുന്‍പ് . പിന്നീടെന്നോ ആ വീട് പൂട്ടിക്കിടക്കുന്നതായി കാണാന്‍ തുടങ്ങി .സത്യം പറഞ്ഞാല്‍ മനുവിന് വലിയ കാര്യമാണ് ആ വീടിനെ . ബസ്സിലിരിക്കുമ്പോള്‍ അത് തന്നോട് സംസാരിക്കുന്നതായി തോന്നും അയാള്‍ക്ക്‌ . മനു മനസ്സില്‍  മറുപടി പറയും അപ്പോള്‍ . ഒരു തരത്തില്‍പ്പറഞ്ഞാല്‍ ആ വീടിനെ ശരിയായി നോക്കിക്കാണാനാണ് അയാള്‍ ബസ്സില്‍ ഇടതു ഭാഗതിരിക്കുന്നതെ .

ഇപ്പ്രാവശ്യം കണ്ടപ്പോള്‍ വീടിന്‍റെ പടിയില്‍ എന്തോ ഒരു ബോര്‍ഡ്‌ വച്ചിരിക്കുന്നതയാള്‍ ശ്രദ്ധിച്ചു . ഏതോ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ . ഒപ്പം ഒരു പുതിയ ഹോട്ടലിന്‍റെ രൂപരേഖയും . ഏതോ ഒരു റിസോര്‍ട്ട് വരാന്‍ പോകുന്നു .

അപ്പോള്‍ അതും ... മനു പെട്ടന്ന് തലവലിച്ചു ശബ്ദം താഴ്ത്തി പറഞ്ഞു .

കോഴിക്കോട്ട് ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ മനോജ്‌ അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു . ഓട്ടോയില്‍ കയറി യാത്ര ചെയ്യുമ്പോഴും മനു ആ വീടിനെ കുറിച്ച് ആലോചിച്ചിരുന്നു . എന്ത് പറ്റിയെന്നു മനോജ്‌ പല വട്ടം ചോദിച്ചതോന്നും മനു കേട്ടില്ല . അന്നത്തെ അയാളുടെ സംഭാഷണത്തില്‍ എല്ലാം ആ വീട് മാത്രം നിറഞ്ഞു നിന്നു .

നാല്കെട്ട് ഭാഗം വയ്പ്പില്‍ കിട്ടിയ പുതു തലമുറക്കാരായ ബാലുവിനും ദേവപ്രഭയ്ക്കും അതില്‍ താല്‍പ്പര്യമില്ല . അത് കൊച്ചികാരായ ഒരു ഹോട്ടല്‍ ഗ്രൂപിനു കൊടുത്ത് ബംഗ്ലൂര്‍ സിറ്റിയില്‍ ഒരു വില്ല വാങ്ങാന്‍ അവര്‍ അഡ്വാന്‍സ്‌ കൊടുത്തെന്നു കേട്ടു ."  അറിയില്ല ഇത് ശരിയാണോ എന്ന് ".
 മനോജ്‌ പറഞ്ഞപ്പോള്‍ വിഷമം തോന്നി . അവര്‍ക്കെഴുതിയാലോ എന്ന് തോന്നി  ആദ്യം . അല്ലെങ്കില്‍ വേണ്ട . പത്രത്തില്‍ ഒരു കോളം ഒരു ആര്‍ട്ടിക്കിള്‍ എഴുതി വിട്ടാലോ എന്ന് തോന്നി പിന്നീട് . പിന്നെടെന്തോ വേണ്ടെന്നു വച്ചു .

തിരിച്ചുള്ള യാത്രയില്‍ അയാള്‍ ഇടതു ഭാഗത്തിരുന്നു . ഇനി ഒരു പക്ഷെ അടുത്ത വട്ടം വരുമ്പോള്‍ ഒരു പക്ഷെ ആ വീടിനെ ഇങ്ങനെ കാണാന്‍ പറ്റിയില്ലെങ്കിലോ . ഒരു പക്ഷെ ആരു പാട് അംഗഭംഗത്തോടെയാകാനാണ് വഴി .വീടിനടുത്ത് ബസ്സെത്തിയപ്പോള്‍ അത് തന്നോട് ഇങ്ങനെ പറയുന്നതായി തോന്നി മനുവിന് .

                 ""പ്രിയ യാത്രക്കാരാ എന്നെക്കുറിച്ച് നീയെന്തിനിങ്ങനെ വിഷമിക്കണം . അതും എന്‍റെ ഉടമസ്ഥര്‍ക്കില്ലാത്ത വേദന . എന്നെ മറ്റു രൂപത്തില്‍ കാണാന്‍ ഇഷ്ടമില്ലെന്കില്‍ നീ ഇനിയുള്ള യാത്രയില്‍ ഏ ഭാഗത്തേക്ക്‌ നോക്കാതിരിക്കുകയോ ബസ്സിന്റെ മറു ഭാഗതിരിക്കുകയോ ചെയ്യാം . കുറച്ചു നാളുകള്‍ക്കുള്ളില്‍ ഞാന്‍ മറ്റൊരാളായി മാറിയിരിക്കും .

                    ഒരു പാട് മുറികളും , പരിചാരകരും , ഭക്ഷണശാലകളും ഉള്ള ഒരു വലിയ റിസോര്‍ട്ട് .ഒരുപാട് കുട്ടികള്‍ ഓടി നടന്നിരുന്ന നടുമുറ്റം അടച്ചു കെട്ടി അവിടെ വലിയ പരവതാനികള്‍ വിരിക്കും .കുട്ടികള്‍ ഊഞ്ഞാല്‍ ഇടാറുള്ള മൂവാണ്ടന്‍ മാവ് നില്‍ക്കുന്നിടത്ത് കാര്‍ പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലമൊരുക്കും . ഈ വീടിന്‍റെ അകത്തളങ്ങള്‍ , ഇടവപ്പാതിയും, തുലാവര്‍ഷവും, ഓണവും,തിരുവാതിരയും,വിഷുവും കണ്ടിരുന്നത് അതിലൂടെയായിരുന്നു .അല്ല ... ഇനി ഇതൊക്കെ ആര് കാണാനാണ് . തെക്കേ ഭാഗത്തെ പലമരച്ചുവട്ടില്‍ ആണത്രേ ഒരു വലിയ നീന്തല്‍ക്കുളം വരാന്‍ പോകുന്നത് . മകര മാസ സായാഹ്നങ്ങളില്‍ പൂത്തുലഞ്ഞ് പൂക്കള്‍ പോഴിക്കാനും, മുത്തശ്ശി കഥയിലെ യക്ഷിപ്പാലയാകാനും ഇനി അതിനു അധികംആയുസ്സില്ലെന്നു തോന്നുന്നു .

ഇത്രയും പറഞ്ഞപ്പോള്‍ പാലയോന്നു ഉലഞ്ഞതായി തോന്നി മനുവിന് .

പിന്നെ ഒന്നുണ്ട് , പൂമുഖത്തിരിക്കുന്ന ആ വീട് നിര്‍മ്മിച്ച കാരണവരുടെ വരച്ച ചിത്രം പുതിയ റിസോര്‍ട്ടിന്റെ പൂമുഖത്തിരിക്കും . അത്രയും പഴയ ചിത്രങ്ങള്‍ക്ക് വലിയ വിലയാണത്രേ . ബാലുവിനും,ദേവപ്രഭക്കും അതെന്താണാവോ  അറിയാതെ പോയത് . ഒരു തരത്തില്‍ നന്നായി . അത് കാത്തു സൂക്ഷിക്കാന്‍ പുതിയ ഉടമസ്ഥര്‍ക്ക് തോന്നിയത് . ഒരു പക്ഷെ അദ്ദേഹം ചെയ്ത സുകൃതം കൊണ്ടായിരിക്കും അല്ലേ ... എന്തോ ... അറിയില്ല ..








Sunday, July 15, 2012

കറുമ്പന്‍ മഷിപ്പേന ...



മനു ഇപ്പോഴും ഇത്തരം പേനകള്‍ ഉപയോഗിക്കാറുണ്ടോ എന്ന് ഒരിക്കലല്ല , പലവട്ടം  സഹപ്രവര്‍ത്തകര്‍ മനുവിനോട്  ചോദിച്ചിട്ടുണ്ട്, മനുവിന്‍റെ കറുത്ത ഫൌണ്ടന്‍ പേന കണ്ടിട്ട് ...

ഓഫീസ് രെജിസ്ട്രരില്‍  ഒപ്പ് വയ്ക്കുമ്പോള്‍ , മീറ്റിങ്ങുകളില്‍ നോട്സ് എടുക്കുമ്പോള്‍ ...  പലരുടെയും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള കറുത്ത ഫൌണ്ടന്‍  പേന . പഠിക്കുന്നകാലത്ത് എന്നോ കൂടെക്കൂടിയതാണ് , കൃത്യമായി ഓര്‍ക്കുന്നില്ല എന്നെന്ന് .

മഷിപ്പേനകളോടുള്ള ഭ്രമം കുട്ടിക്കാലത്തേ മനുവിനുണ്ട് . അഞ്ചാം ക്ലാസ്സിലോ , ആറിലോ ... ആദ്യമായി ബാള്‍ പെന്‍ ഉപോയോഗിച്ചു നോക്കിയപ്പോള്‍ പോലും മഷിപ്പേനകളോടുള്ള ഇഷ്ടത്തിന്നു ഒരു കുറവും വന്നില്ല എന്ന് മാത്രമല്ല പിന്നീട് ബാള്‍ പെന്‍ വാങ്ങിയിട്ടെ ഇല്ല മനു .

ഒരു പക്ഷെ ഒരു പച്ച ഹീറോ ഫൌണ്ടന്‍ പേന സ്ഥിരമായി ഉപയോഗിച്ചിരുന്ന അച്ഛനായിരിക്കാം മനുവില്‍ ഇത്തരം പേനകളോട് ഉള്ള  ഇഷ്ടത്തിനു കാരണമായത്‌ .

ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ വളരെ സൂക്ഷിച്ചു ഉപയോഗിച്ചിരുന്ന ആ പേന അച്ഛന്‍റെ കൂടെ വര്‍ഷങ്ങളോളം ഉണ്ടായിരുന്നു . പ്രസ്‌തുത പേന വയ്ക്കാന്‍ മാത്രം ഒരു ചില്ല് ഗ്ലാസും ( അതിനുള്ളിലോ അച്ഛന്‍റെ പോക്കറ്റിലോ അല്ലാതെ ആ പേനയെ മനു കണ്ടിട്ടില്ല ) അച്ഛന്‍ വച്ചിരുന്നു . രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ ഇളം ചൂട് വെള്ളത്തിലുള്ള കുളിപ്പിക്കല്‍ പേനയുടെ 'പെര്‍ഫോര്‍മന്‍സ്' കാത്തു സൂക്ഷിക്കാന്‍ അത്യന്താപേക്ഷിതമാണെന്ന് അച്ഛന്‍ പറയാറുള്ളത് മനു ഓര്‍ക്കുന്നു .

ചെറുപ്പത്തില്‍ എന്നോ അച്ഛനറിയാതെ  അതെടുത്ത് എഴുതിയതിനു കേട്ട ചീത്ത വാക്കുകളുടെ വേദന മാറിയത് പ്രീ-ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷാ ഫോമില്‍ ഒപ്പ് വയ്കാന്‍ അച്ഛന്‍ ആ പേന നീട്ടിയപ്പോള്‍ ആണ് .ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു അച്ഛന്‍റെ മുഖത്തപ്പോള്‍ .
പ്രീ-ഡിഗ്രി കാരനായതില്‍പ്പരം അച്ഛന്‍റെ ആ പേന കൊണ്ടെഴുതാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യം മനുവിന്‍റെ മുഖത്ത് നിറഞ്ഞു നിന്നു .


രണ്ടു പേനകള്‍ എപ്പോളും കയ്യില്‍ വയ്ക്കാന്‍ ശീലിച്ചതും അച്ഛനില്‍ നിന്നു പഠിച്ചത് .

ഒന്ന് ,  'പേനയുണ്ടോ ഒന്നെഴുതാന്‍ ' എന്ന് ചോദിച്ച് വരുന്നവര്‍ക്ക് .
മറ്റൊന്ന് തന്‍റെ മാത്രം ആവശ്യത്തിന് - കറുമ്പന്‍  മഷിപ്പേന .

കൊടുത്തേ കഴിയൂ എന്നുള്ള സാഹചര്യങ്ങള്‍ അച്ഛന്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്തിരുന്നതിങ്ങനെ  ...

പേനയുടെ ടോപ്പ് കയ്യില്‍ കരുതും , പേന കൊടുക്കും , ടോപ്പ് പുറകില്‍ തിരുകികയറ്റി കോറല്‍ വരാതിരിക്കാന്‍ !

വച്ച് എഴുതാനായി ഒരു മാസികയും ... നിബ്ബ് കോറാതിരിക്കാന്‍ !

അച്ഛന്‍ കിടപ്പിലാകുന്നതിന് കാരണമായ വീഴ്ച്ചയില്‍ അച്ഛന്‍റെ പ്രിയ മഷിപ്പേന രണ്ടായി നുറുങ്ങിയതും  , പകരക്കാരനായി വന്ന ചുകപ്പ് മഷിപ്പേനയോട്‌ തുടക്കത്തില്‍ അച്ഛന് തോന്നിയ അകല്‍ച്ചയും മനുവിന്‍റെ ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു .

ഒരു പക്ഷെ മനുവിന്‍റെ കമ്പ്യൂട്ടറിലെ 'നോട്ട്പാടിനും' 'വേര്‍ഡ്‌നും' മനുവിന്‍റെ കറുത്ത മഷിപ്പേനയോട്   അസൂയയുണ്ടായിരിക്കാം .

തങ്ങളെക്കാള്‍ കൂടുതല്‍ ഈ 'കറുമ്പനെ' ഇഷ്ട്ടപെടുന്നത് കൊണ്ട്  ...