Monday, September 4, 2017

".... എവിടെ വടി ... എവിടെ വടി ...."


" ചെറുപ്പത്തിൽ നമുക്ക് വലുതും , പ്രധാനവുമെന്നു തോന്നുന്ന  കാര്യങ്ങൾ പ്രായമാകുമ്പോൾ അത്ര പ്രാധാന്യമില്ലാത്തവയുമാകും . പ്രായമാകുന്നതിന്റെ പ്രശ്നമാണ് " .  വരികൾ എഴുതിയ ആളെ ഓർമയില്ല ... 
 ഈയിടെ മാതൃഭൂമിയിൽ വന്നതാണ് 

.ഒരു പക്ഷെ എല്ലാം അങ്ങനെയല്ല .ചിലത്  എന്നെന്നും വലുതും , മനസ്സിൽ  നിറഞ്ഞു നിൽക്കുന്നവയുമാണ് . ചിലർ , ചില പ്രദേശങ്ങൾ, ചില കാലഘട്ടങ്ങൾ , ചില പാട്ടുകൾ അങ്ങനെ പോകുന്നു  അവ ..."                                           
                                                 
  ഒരു കാലത്ത് എന്നും വൈകുന്നേരങ്ങളിൽ ഈ വഴി വരാറുണ്ട് . വാര്യത്തുനിന്നു പാല് വാങ്ങാൻ. വള്ളിപ്പടർപ്പുകളുള്ള പടിപ്പുരയും, പൂക്കൾ  നിറഞ്ഞ ഒരു ചെറിയ മുറ്റവും തുളസിത്തറയും  കൂടിയ ഒരു ചെറിയ ഓട് വീട് . അവിടെയാണ് തങ്കം  വാരസ്യാരും അമ്മയും കഴിഞ്ഞിരുന്നത് . അതോടെ ചേർന്ന് ഒരു പശു തൊഴുത്തും . 

തങ്കം   വാരസ്യാരുടെ ഭർത്താവെന്നോ മരിച്ചു , കുട്ടികളുണ്ടായിരുന്നില്ല . വാരസ്യാര് ആർമിയിൽ നേഴ്സ് ആയിരുന്നത്രേ . ആർമി സേവനത്തിന്റെ ഭാഗമായികിട്ടിയതോ എന്നറിയെന്നറിയില്ല . ഭയങ്കര ഗൗരവക്കാരി ആയിരുന്നു അവരെപ്പോഴും . അപൂർവമായി  ചിലരോട് മാത്രം ചിരിയ്ക്കുന്നതു  കണ്ടിട്ടുണ്ട് .  അത് തന്നെ  ചിരിയാണോ എന്ന് സംശയം തോന്നും. ആവശ്യക്കാർക്കു ഇഞ്ചക്ഷൻ ചെയ്തു കൊടുത്തും, പാലും, മോരും വിറ്റും അവർ കാലം കഴിച്ചു.പലപ്പോഴും അച്ഛനെ ഇഞ്ചക്ഷൻ ചെയ്യാൻ വരുമ്പോൾ കൊണ്ട് വരാറുള്ള സൂചി കണ്ടിട്ടാണോ അതോ അവരുടെ ഗൗരവം നിറഞ്ഞ മുഖം  കണ്ടിട്ടാണോ  എന്നറിയില്ല , കുട്ടികൾ ഞങ്ങൾക്കെന്നും ഭയമായിരുന്നു അവരെ .

വാരസ്യാരെ,  പാല്  ... എന്ന് പറഞ്ഞു തൂക്കു പാത്രം ഒതുക്ക്  കല്ലിൽ വച്ച് മാറി നിൽക്കുമ്പോൾ  കേൾക്കാം , 'അമ്മ വാരസ്യാരുടെ താഴ്ന്ന ശബ്ദത്തിലുള്ള വിളി ... " കുട്ട്യേ ..."  മകൾ  തങ്കം  വാരസ്യാരെ വിളിക്കുന്നതാണ്  . അല്പം ഭയത്തോടെ തൂക്കു പാത്രം നീട്ടുമ്പോൾ തങ്കം   വാരസ്യാര്  പുഞ്ചിരിയോടെ  ( അത് പക്ഷെ പുഞ്ചിരിയാണെന്നു   തോന്നില്ലെങ്കിലും) പറയും . " എവിടെ  വടി  എവിടെ വടി  . ഇവനെ  ഇന്ന് ഞാൻ ... ". എന്തിനാ കുട്ട്യേ അതിനെ ഇങ്ങനെ പേടിപ്പിയ്ക്കണെ നീ എന്ന് ചോദിക്കുന്ന 'അമ്മയുടെ ചോദ്യത്തിന് മറുപടി പറയാതെ അവർ നിർന്നിമേഷയായി നിൽക്കും  ,  മനുവിന്റെ  മുഖത്ത് നിന്നും കണ്ണെടുക്കാതെ .പിന്നീടാരോ പറഞ്ഞു .അമ്മു വാരസ്യാരുടെ കുട്ടികൾ നന്നേ ചെറുപ്പത്തിൽ എപ്പോളോ മരിച്ചു പോയതാണെന്ന് . ഗൗരവം നിറഞ്ഞ മുഖം ഒരു പക്ഷെ ആ ഓർമകുൾക്കുള്ള മറയാണെന്ന്  വളർന്നപ്പോൾ മനസ്സിലായി .

വർഷങ്ങൾക്കു  ശേഷം പുതു ടാറിട്ട റോഡ് വന്നെങ്കിലും , ചാട്ടുകുളത്തു വരുമ്പോൾ മനുവിനെന്നും വാര്യം വഴിയുള്ള മണ്ണ് വഴിയാണിഷ്ടം .തങ്കം വാരസ്യാർ മരിച്ചതിനു ശേഷം ആരും തിരിഞ്ഞു നോക്കാത്ത വാര്യം ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു . പൂക്കൾ നിറഞ്ഞ വള്ളിപ്പടർപ്പുകളിൽ പോയി പകരം  കാട്ടു ചെടികൾ നിറഞ്ഞിരിക്കുന്നു ... വെറുതെ കുറച്ചു നേരം നോക്കി നിന്ന് , മനു നടന്നു .

എവിടെ നിന്നോ  പാലിന്റെയും , മോരിൻറെയും  നേർത്ത മണം വരുന്നതായോതോന്നി ,  ഒപ്പം തങ്കം വാരസ്യാരുടെ നേർത്ത ശബ്ദവും 
".... എവിടെ വടി ... എവിടെ വടി ...."