Sunday, June 19, 2011

അച്ഛനും വായനയും ... ഒരനുസ്മരണം ...

വായിച്ചാല്‍ വളരും വായിച്ചില്ലെങ്കിലും വളരും , വായിച്ചാല്‍ വിളയും ... വായിച്ചില്ലെങ്കില്‍ വലയും ! ....... കുഞ്ഞുണ്ണി മാഷുടെ വരികള്‍ ... അച്ഛനെന്നും പ്രിയപ്പെട്ട വരികള്‍ .

ഇന്ന് ജൂണ്‍ പതിനാറ് .  പിതൃ ദിനo . വയനാ ദിനo അടുത്തു വരുന്നു .

വായനയുടെ ലോകത്തില്‍ എന്നെ കൈപിടിച്ച് നടത്തി,കാലുറച്ചപ്പോള്‍ ദൂരെ മാറിനിന്ന് കണ്ട്,കാലിടറിയപ്പോള്‍ ഓടിവന്ന് നേര്‍വഴിക്ക് നടത്തി പിന്നീട്‌ തനിച്ചു നടക്കൂ എന്നും പറഞ്ഞ് എങ്ങോ മറഞ്ഞ അച്ഛന്‍ . അച്ഛനെക്കുറിച്ചുള്ള ദീപ്തമായ ഓര്‍മ്മകള്‍ അയവിറക്കിക്കാന്‍ പ്രത്യേകഒരു ദിവസം വേണമെന്നില്ല. അച്ഛന്‍ എനിക്ക് പകര്‍ന്നു തന്ന ഏറ്റവും വലിയ നിധികളില്ലോന്നായി ഞാന്‍ കരുതുന്ന വായനയുടെ മഹാലോകത്ത്‌ ഞാനിന്നും ഒരു പ്രൈമറി വിദ്യാര്‍ത്ഥി ആണെന്ന് തുറന് സമ്മതിക്കട്ടെ .

എന്നും അച്ഛന്‍റെ ചുറ്റും പുസ്തകങ്ങളുണ്ടായിരുന്നു. വായന ശീലമാക്കിയിരുന്നില്ലെന്നിരുന്നാല്ലും അച്ഛന്‍റെ പുസ്തകകൂട്ടത്തില്‍ നിന്നും ദൂരെനിന്നുകണ്ട് അതേത് പുസ്തകമാന്നെന്നു പറയാന്‍ കുട്ടികാലത്തെ ഞാന്‍ പഠിച്ചിരുന്നു . ശബ്ദതാരാവലി, കൃഷ്ണഗാഥ,ശിവാരവിന്ദംഭാഷ്യo ഐതിഹ്യമാല എന്നിങ്ങനെ എത്രയോ പുസ്തകങ്ങള്‍ , അവകളിലോരോന്നിന്‍റെയും താളുകളില്‍ അച്ഛന്‍റെ വിരലുകള്‍ എത്രയോ വട്ടം പതിഞ്ഞിട്ടുണ്ടാവുമെന്നറിയില്ല . വായിക്കുക മാത്രമല്ല , വായനയുടെ ഒരു സംക്ഷിപ്തമോ , ശ്രദ്ധേയമായ ഭാഗങ്ങളോ കുറിപ്പുകളായി സൂക്ഷിച്ചു വയ്ക്കുമായിരുന്നു അച്ഛന്‍ .

വായനയില്‍ അച്ഛന്‍റെ തത്പരവിഷയങ്ങള്‍ അനവധിയായിരുന്നു . അതിനാല്‍ത്തന്നെ ഒന്നിലും പ്രാഗത്ഭ്യം നേടാന്‍ അച്ഛന് കഴിയാതെ പോയോ ? . അറിയില്ല . എന്നിരുന്നാലും അച്ഛന്‍റെ വായന-സുഹൃത് വൃന്ദത്തില്‍ അച്ഛനെന്നും ഒരു മഹാരഥനായിരുന്നു .

കുട്ടിയായിരുന്ന ഞാന്‍ എന്നും സാകൂതം ശ്രോതാവായിരുന്നിടട്ടുണ്ട് അച്ഛന്‍റെ സുഹൃത് സംഗമങ്ങളില്‍ . ഒന്നും പൂര്‍ണമായും പിടികിട്ടിയിരുന്നില്ലെന്കിലും . വെറുതെ ഒരു കുട്ടി ശ്രോതാവായി ...

സ്വരൂപവും സ്വഭാവവും ... അങ്ങനെ എനിക്ക് മനസ്സിലാകാത്ത ഒരു പാട് കാര്യങ്ങള്‍ ...

രുചി നോക്കേണ്ടവ , കടിച്ചരച്ചു ദഹിപ്പിക്കേന്ടവ എന്നിങ്ങനെ പുസ്തകങ്ങളെ തരം തിരിചിരിക്കുന്നതായി അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട് . വായനക്കാരന്‍റെ മനോരഥം അനുസരിച്ച് അവ മാറാം .

പുസ്തകം വായന പല ഘട്ടങ്ങള്‍ നിറഞ്ഞതാണെന്ന് അച്ഛന്‍ പറയാറുണ്ട്‌ .പുതിയതായി വാങ്ങിയ പുസ്തകത്തില്‍ ഭംഗിയായി പേരും , വാങ്ങിയ തിയതിയും എഴുതുന്നതില്‍ തുടങ്ങുന്നു അത് .ഭംഗിയായി പൊതിഞ്ഞു , തുറന്നൊന്നു വാസനിക്കല്‍ വളരെയധികം പ്രാധാന്യമുള്ളതാണ് . വായനയെന്ന കല അഭ്യസിക്കുന്ന പ്രാരംഭഘട്ടങ്ങളില്‍ പുസ്തകവുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ ഇപ്പറഞ്ഞത്‌ വളരെ സഹായകമാകും എന്നു കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞിട്ടുണ്ടത്രേ .

പുസ്തക വായനക്കിടെ അടയാളമായി ഒരു കടലാസു കഷ്ണമോ നാടയോ അടയാളമായി അച്ചനെപ്പോളും ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട് . "നായചെവി" ( അടയാളമായി പുസ്തകതാളുകളെ മടക്കി വയ്ക്കുന്ന രീതി ) അരുതെന്ന് കര്‍ശനമായി പറയുന്നതും കണ്ടിട്ടുണ്ട് . പുസ്തകത്തെ നൂറ്റി ഇരുപതു ഡിഗ്രി മാതമേ തുറക്കാവൂ , തുപ്പല്‍ തൊട്ടു താളുകള്‍ മറിക്കരുത് , ( പണ്ടേതോ ഭരണാധികാരിയെ പുസ്തകത്താളുകളില്‍ വിഷം പുരട്ടിക്കൊന്ന കഥ ഉദ്ധരിക്കും അച്ഛന്‍ ) , പുസ്തകം കമിഴ്ത്തി ഇടരുത് എന്നിങ്ങനെ നീണ്ടു പോകുന്നു അച്ഛന്‍റെ വയനാനിയമാവലികള്‍ .

വായിക്കാന്‍ കടം വാങ്ങുന്ന പുസ്തകങ്ങള്‍ തിരിച്ച് ഏല്പ്പിക്കാതിരിക്കുന്നത് അച്ഛനെ വല്ലാതെ വേദനിപ്പിച്ചിരുന്നു . അങ്ങനെ നഷ്ടപ്പെട്ട നഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞു വിഷമിക്കുന്നത് കണ്ടിട്ടുണ്ട് അച്ഛന്‍ .

" പുസ്തകത്തെ കൊടുതീടാ
ദേവേന്ദ്രന്‍ താന്‍ ഇരക്കിലും
കൊടുത്താല്‍ അവ കിട്ടീടാ
നാമും പിന്നെ മറന്നു പോം . "

പണ്ടാരോ എഴുതിയതാണ് . ഒരു പക്ഷെ അച്ഛന് അറിയാമായിരുന്നിരിക്കാം കര്‍ത്താവിനെ ...