Thursday, July 16, 2009

രണ്ടായിപ്പിരിഞ്ഞ ശിരോരേഖ ...

സാമുദ്രിക ലക്ഷണ ശാസ്ത്രത്തില്‍ ഞാന്‍ എന്നാണാവോ മാസ്റ്റര്‍ ബിരുദം എടുത്തത്‌ ?.അറിഞ്ഞു കൂടാ . എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ ഞാന്‍ മുഖം നോക്കി ലക്ഷണം പറഞ്ഞ ഒരെണ്ണം പോലും ശരിയായ ചരിത്രമില്ല . എടൊ വിനോദെ ഇത്തരം രഹസ്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തില്ല എന്ന് തനിക്കു തന്നോടു തന്നെയുള്ള കരാറിനെ കളഞ്ഞു കുളിച്ചില്ലേ ?... ആ ... ഇടയ്ക്കു അങ്ങനെയൊരു നുണയൊക്കെ പറയാം ... പ്രശ്നമില്ല ...

സാമാന്യം വേഗത്തില്‍ തന്നെയാണ് ഞാന്‍ നടക്കുന്നത് ." പേഴ്സ് കളഞ്ഞു പോയി , അടുത്ത ട്രെയിന്‍ പിടിക്കാന്‍ എനിക്കൊരല്‍പം പണം തരാമോ" എന്ന് ചോദിച്ച , ഏകദേശം പതിനാലു പതിനഞ്ചു വയസ്സ് തോന്നിക്കുന്ന പയ്യനെ കാണാത്ത ഭാവത്തില്‍ മാറി കടന്നു പോകുമ്പോള്‍ എനിക്കുള്ളില്‍ ഉണ്ടായ വിചാരങ്ങള്‍ താഴെ പറയുന്നവയാണ് .

1) ഇതൊന്നും നമ്മുടെ അടുത്ത് ചെലവാവില്ല ക്ടാവേ ...
2) ഒരു പക്ഷെ അവന്‍ ശരിക്കും ... ? ആദ്യമായി കൈ നീട്ടുന്നവന്റെ ചമ്മലുണ്ട് അവന്‍റെ മുഖത്ത് ...

പലപ്പോഴും ഞാന്‍ അങ്ങനെയാണ് . ഏത് കാര്യത്തിനും രണ്ടഭിപ്രായം എനിക്ക് തോന്നാറുള്ളത് രണ്ടായിപ്പിരിഞ്ഞ ശിരോരേഖ ഉള്ളതിനാലാണോ ? .

പഴ്സില്‍ ഉള്ള കാശില്‍ നിന്നും ചെറിയൊരു തുക അവനു കൊടുത്താല്‍ ഒരു മാനവും ഇടിഞ്ഞു പോകില്ല എന്നറിയാമെങ്കിലും ഞാന്‍ നടന്നകന്നു . അല്പം അകലെ ചെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ മുഖം താഴ്ത്തി നില്‍ക്കുന്നു അതെ ഇടത്തില്‍ . ഒരു പക്ഷെ അവന്‍റെ ആദ്യത്തെ അനുഭവമായിരിക്കാം . ആദ്യമായി അവനതു ചോദിച്ചത് എന്നോടായിരിക്കാം ...

Sunday, July 12, 2009

വെള്ളയില്‍ നീല പുള്ളികളുള്ള ഉടുപ്പിട്ട ഒന്നര വയസ്സുകാരി ...

വീക്ക്‌ എന്‍ഡില്‍ മാത്രമാണ് ഉച്ചയുറക്കം ഉള്ളത് ... ഉറങ്ങി എഴുന്നേറ്റപ്പോള്‍ മണി അഞ്ചര . ഒരു ചായ കഴിച്ചു ഒന്ന് കറങ്ങിയിട്ട് വരാം എന്ന് കരുതി പുറത്തിറങ്ങിയതാണ് ഞങ്ങള്‍ .

ഒരൊന്നര വയസ്സുകാരി ( ഉറപ്പില്ല , ഒരു ഊഹം ) ഓടി വരുന്നു ഞങ്ങളുടെ അടുത്തേക്ക് , പുറകില്‍ അവളുടെ അച്ഛനുണ്ട്‌ . മുടി പറ്റെ വെട്ടി കുഞ്ഞിക്കാതുകളില്‍ ചെറിയ വളയങ്ങള്‍ ഇട്ടിട്ടുണ്ട് . ഇളം വെള്ളയില്‍ നീല പുള്ളികളുള്ള കുട്ടിയുടുപ്പ് . ചുകന്നു തുടുത്ത കുഞ്ഞിക്കാലുകള്‍ മണ്ണില്‍ അമരുമ്പോള്‍ ഉള്ള വേദന കുറേശ്ശെ അവളുടെ മുഖത്തുണ്ട്‌ . അതൊന്നും കാര്യമാക്കാതെ അവള്‍ ഓടുകയാണ് . അവളുടെ കുഞ്ഞിക്കാലുകള്‍ക്ക് പത്തടി പോലും വയ്ക്കാനായില്ല , അതിനു മുന്‍പേ അവളെ കോരിയെടുത്ത് നടന്നകുന്നു അവളുടെ അച്ഛന്‍ . അവള്‍ കുതറി നോക്കി പ്രതിഷേധത്തോടെ ...അവളുടെ കുഞ്ഞു ശരീരം അച്ഛന്‍റെ കയ്കളില്‍ ഭദ്രം . ബേബി സ്ട്രോല്ലെര്‍ ബെല്ട്ടുകളില്‍ കുഞ്ഞു ശരീരം പൂട്ടി വയ്ക്കപ്പെടുമ്പോള്‍ അവളുടെ കുഞ്ഞു കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണ് നീര്‍ ... കുഞ്ഞിച്ചുണ്ടുകള്‍ വിടര്‍ത്തി കരച്ചിലിന്റെ വക്കത്ത് ... ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങള്‍ നടന്നകലുന്നതും നോക്കി അവള്‍ ഇരിക്കുന്നു ... വിഷമം തോന്നി എനിക്ക് ...

ഒരു പക്ഷെ അവള്‍ കരുതുന്നുണ്ടാകും , എന്ന് ഞാനും നിങ്ങളെയെല്ലാം പോലെ ....

മറുനാടന്‍ ബാല്യം ... ഈശ്വരാ .. ഞാനെത്ര ഭാഗ്യവാന്‍ ... എനിക്കീ ഗതി വന്നില്ലല്ലോ ... ഒപ്പം അവളെ ഓര്‍ക്കുമ്പോള്‍ ഒരു ചെറു വേദനയും ....