Monday, September 4, 2017

".... എവിടെ വടി ... എവിടെ വടി ...."


" ചെറുപ്പത്തിൽ നമുക്ക് വലുതും , പ്രധാനവുമെന്നു തോന്നുന്ന  കാര്യങ്ങൾ പ്രായമാകുമ്പോൾ അത്ര പ്രാധാന്യമില്ലാത്തവയുമാകും . പ്രായമാകുന്നതിന്റെ പ്രശ്നമാണ് " .  വരികൾ എഴുതിയ ആളെ ഓർമയില്ല ... 
 ഈയിടെ മാതൃഭൂമിയിൽ വന്നതാണ് 

.ഒരു പക്ഷെ എല്ലാം അങ്ങനെയല്ല .ചിലത്  എന്നെന്നും വലുതും , മനസ്സിൽ  നിറഞ്ഞു നിൽക്കുന്നവയുമാണ് . ചിലർ , ചില പ്രദേശങ്ങൾ, ചില കാലഘട്ടങ്ങൾ , ചില പാട്ടുകൾ അങ്ങനെ പോകുന്നു  അവ ..."                                           
                                                 
  ഒരു കാലത്ത് എന്നും വൈകുന്നേരങ്ങളിൽ ഈ വഴി വരാറുണ്ട് . വാര്യത്തുനിന്നു പാല് വാങ്ങാൻ. വള്ളിപ്പടർപ്പുകളുള്ള പടിപ്പുരയും, പൂക്കൾ  നിറഞ്ഞ ഒരു ചെറിയ മുറ്റവും തുളസിത്തറയും  കൂടിയ ഒരു ചെറിയ ഓട് വീട് . അവിടെയാണ് തങ്കം  വാരസ്യാരും അമ്മയും കഴിഞ്ഞിരുന്നത് . അതോടെ ചേർന്ന് ഒരു പശു തൊഴുത്തും . 

തങ്കം   വാരസ്യാരുടെ ഭർത്താവെന്നോ മരിച്ചു , കുട്ടികളുണ്ടായിരുന്നില്ല . വാരസ്യാര് ആർമിയിൽ നേഴ്സ് ആയിരുന്നത്രേ . ആർമി സേവനത്തിന്റെ ഭാഗമായികിട്ടിയതോ എന്നറിയെന്നറിയില്ല . ഭയങ്കര ഗൗരവക്കാരി ആയിരുന്നു അവരെപ്പോഴും . അപൂർവമായി  ചിലരോട് മാത്രം ചിരിയ്ക്കുന്നതു  കണ്ടിട്ടുണ്ട് .  അത് തന്നെ  ചിരിയാണോ എന്ന് സംശയം തോന്നും. ആവശ്യക്കാർക്കു ഇഞ്ചക്ഷൻ ചെയ്തു കൊടുത്തും, പാലും, മോരും വിറ്റും അവർ കാലം കഴിച്ചു.പലപ്പോഴും അച്ഛനെ ഇഞ്ചക്ഷൻ ചെയ്യാൻ വരുമ്പോൾ കൊണ്ട് വരാറുള്ള സൂചി കണ്ടിട്ടാണോ അതോ അവരുടെ ഗൗരവം നിറഞ്ഞ മുഖം  കണ്ടിട്ടാണോ  എന്നറിയില്ല , കുട്ടികൾ ഞങ്ങൾക്കെന്നും ഭയമായിരുന്നു അവരെ .

വാരസ്യാരെ,  പാല്  ... എന്ന് പറഞ്ഞു തൂക്കു പാത്രം ഒതുക്ക്  കല്ലിൽ വച്ച് മാറി നിൽക്കുമ്പോൾ  കേൾക്കാം , 'അമ്മ വാരസ്യാരുടെ താഴ്ന്ന ശബ്ദത്തിലുള്ള വിളി ... " കുട്ട്യേ ..."  മകൾ  തങ്കം  വാരസ്യാരെ വിളിക്കുന്നതാണ്  . അല്പം ഭയത്തോടെ തൂക്കു പാത്രം നീട്ടുമ്പോൾ തങ്കം   വാരസ്യാര്  പുഞ്ചിരിയോടെ  ( അത് പക്ഷെ പുഞ്ചിരിയാണെന്നു   തോന്നില്ലെങ്കിലും) പറയും . " എവിടെ  വടി  എവിടെ വടി  . ഇവനെ  ഇന്ന് ഞാൻ ... ". എന്തിനാ കുട്ട്യേ അതിനെ ഇങ്ങനെ പേടിപ്പിയ്ക്കണെ നീ എന്ന് ചോദിക്കുന്ന 'അമ്മയുടെ ചോദ്യത്തിന് മറുപടി പറയാതെ അവർ നിർന്നിമേഷയായി നിൽക്കും  ,  മനുവിന്റെ  മുഖത്ത് നിന്നും കണ്ണെടുക്കാതെ .പിന്നീടാരോ പറഞ്ഞു .അമ്മു വാരസ്യാരുടെ കുട്ടികൾ നന്നേ ചെറുപ്പത്തിൽ എപ്പോളോ മരിച്ചു പോയതാണെന്ന് . ഗൗരവം നിറഞ്ഞ മുഖം ഒരു പക്ഷെ ആ ഓർമകുൾക്കുള്ള മറയാണെന്ന്  വളർന്നപ്പോൾ മനസ്സിലായി .

വർഷങ്ങൾക്കു  ശേഷം പുതു ടാറിട്ട റോഡ് വന്നെങ്കിലും , ചാട്ടുകുളത്തു വരുമ്പോൾ മനുവിനെന്നും വാര്യം വഴിയുള്ള മണ്ണ് വഴിയാണിഷ്ടം .തങ്കം വാരസ്യാർ മരിച്ചതിനു ശേഷം ആരും തിരിഞ്ഞു നോക്കാത്ത വാര്യം ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു . പൂക്കൾ നിറഞ്ഞ വള്ളിപ്പടർപ്പുകളിൽ പോയി പകരം  കാട്ടു ചെടികൾ നിറഞ്ഞിരിക്കുന്നു ... വെറുതെ കുറച്ചു നേരം നോക്കി നിന്ന് , മനു നടന്നു .

എവിടെ നിന്നോ  പാലിന്റെയും , മോരിൻറെയും  നേർത്ത മണം വരുന്നതായോതോന്നി ,  ഒപ്പം തങ്കം വാരസ്യാരുടെ നേർത്ത ശബ്ദവും 
".... എവിടെ വടി ... എവിടെ വടി ...." 



Monday, August 11, 2014

നേത്രോന്മീലനം .....

കുറച്ചു കൂടെ . ഇതാ കഴിഞ്ഞു ....  ഈ പേജ് കൂടെ എഴുതിക്കഴിഞാൽപ്പിന്നെ കിടക്കാം .     മനുവിൻറെ  നിർത്താതെയുള്ള വിളി കേട്ടപ്പോൾ അച്ഛൻ രാമനുണ്ണി മാഷ്‌ പറഞ്ഞു .

ഇതെന്നും പതിവുള്ളതാണ് . അച്ഛൻ ടീച്ചിംഗ് നോട്ട്സ്  എഴുതുകയോ,അന്ന് വായിച്ചു തീർത്ത പുസ്തകത്തിന്റെ ശ്രദ്ധേയമായ ഭാഗങ്ങൾ എഴുതി വയ്ക്കുകയോ , ഡയറിയെഴുതുകയോ ആണ് .

അച്ഛൻ കൈകാൽ കഴുകി കട്ടിലിൽ വന്നു കിടന്നു.

" ഇന്ന് ഇടത്തേക്കാൽ ഉഴിഞ്ഞാൽ മതി ... " . മനു പതുക്കെ അച്ഛന്റെ  കാലെടുത്തു മടിയിൽ  വച്ച് ഉഴിഞ്ഞു തുടങ്ങി . ഒരഞ്ചു  മിനിറ്റ് ഉഴിഞ്ഞു കാണില്ല , മനു ചോദിച്ചു  ... "മതിയോ ?" ... അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു . ഒരഞ്ചു മിനിട്ട് കൂടെ ഉഴിഞ്ഞ് കുട്ടി കിടന്നോളൂ . 

അച്ഛൻ കണ്ണുകളടച്ചുംകൊണ്ട് നാമം ചൊല്ലുകയാണ് . ഗീതാ ശ്ലോകങ്ങളോ, ശ്രീകൃഷ്ണ വിലാസത്തിലെ ശ്ലോകങ്ങളോ ആണ് . 

"എന്നാൽ ഇനി മതി ,  കിടന്നോളൂ ".രാമനുണ്ണി മാഷ്‌ പറഞ്ഞു തീരുന്നതിനു മുൻപേ മനു അച്ഛന്റെ  അടുത്ത് വന്നു കിടന്നു . അച്ഛനെ  മുറുക്കെ കെട്ടിപ്പിടിച്ചു ചോദിച്ചു "എന്നിട്ടെന്തുണ്ടായി ?... "

"അങ്ങനെ പാണ്ഡവർ ഏകചക്രയിൽ ബകനെയും വധിച്ച്‌ താമസിക്കുകയാണ് " . രാമനുണ്ണി മാഷ്‌ പറഞ്ഞു നിർത്തി  . ബകവധത്തിനു  പോകുന്ന ഭീമസേനന്നും , മറ്റു പാണ്ഡവരും മനുവിന് മുൻപിൽ നില്ക്കുകയാണ് . പാണ്ഡവരുടെ വനവാസ, അജ്ഞാത വാസ യാത്രകളിൽ മനുവും , രാമനുണ്ണി മാഷും അവര്ക്ക് കൂടെയുണ്ട്  . 

ആരാണാദ്യം ഉറങ്ങിയതെന്നറിയില്ല , മനുവായിരിക്കണം .

                 മനു നിവർ ന്നു  കിടന്നു . മുപ്പതു വർഷങ്ങൾ പഴക്കമുള്ള ഓർമകളിൽ നിന്നും ഭീമസേനനും , യുധിഷ്ഠിരനും , ബകനും ഇറങ്ങി വന്ന്   മുൻപിൽ ജീവനോടെ നില്ക്കുന്ന പോലെതോന്നി മനുവിന്ന്. ഒരൽപം മാറി  ഒരു ചെറു ചിരിയോടെ രാമനുണ്ണി മാഷും .

 എന്നാൽ കുട്ടി ഇനി ഉറങ്ങിക്കോളൂ  , സമയം ഒരുപാടായല്ലോ എന്ന് അച്ഛൻ  പറയുന്നപോലെതോന്നി മനുവിന് . ശരിയാണ് അന്നൊരൽപ്പം  വൈകി ഓഫീസിൽ  നിന്നെത്താൻ ...  ( അതൊരു പുതിയ സംഭവമല്ലെന്ന് ഭാര്യ അനുപമ പറയുമെങ്കിലും...

ഓർമകളിലെ ഈ കഥാപാത്രങ്ങൾ ഒരു പക്ഷെ മനു വളന്നപ്പോൾ കൂടെ വന്നില്ലെ ന്നു തോന്നി . അതോ മനു കൂടെ ക്കൂട്ടാതിരുന്നതോ?. അച്ഛനെക്കുറിച്ചുള്ള   ഓർമകളിൽ മാത്രം ജീവൻ  വയ്ക്കുന്ന കഥാപാത്രങ്ങളായി മാത്രം ചുരുങ്ങി അവരെല്ലാം . ഒരു പക്ഷെ മനുവിൻറെ അഞ്ചു വയസ്സുകാരി മകൾക്ക് വേണ്ടി അവയ്ക്ക് ജീവൻ വയ്പ്പിക്കാമായിരുന്നു . അതിനാകാത്തത് , ഒരു പക്ഷെ തനിക്കു സമയം കിട്ടാത്തത് കൊണ്ടോ ? അതോ അവൾക്കു കൂടുതലിഷ്ടം കമ്പ്യൂട്ടർ ഗെയിംസും , കാര്ടൂണ്‍ കഥാപാത്രങ്ങളെയും ആയതു കൊണ്ടോ ? , അറിയില്ല .അറിയാൻ ശ്രമിച്ചോ താൻ എന്ന് മനു പലവട്ടം തന്നോട് തന്നെ ചോദിച്ചിട്ടുണ്ട് 

ഒട്ടു മുക്കാൽ  കഥകളും , ഉപദേശങ്ങളും പാതി മറന്ന അവസ്ഥയിയിലാണ് . ഓർത്തെടുക്കാൻ മനു പലവട്ടം ശ്രമിച്ചിട്ടുണ്ട് എങ്കിലും . പലതിന്റേയും അർത്ഥo പൂർണമായി  പിടി കിട്ടുന്നതിനു മുൻപേ , പുതിയ ജീവിത ക്രമങ്ങളിലെക്കും , പുതിയലോകത്തിന്റെ  പുനർ  നിർവചനം  ചെയ്യപ്പെട്ട ലക്ഷ്യങ്ങൾക്കും  വേണ്ടിയുള്ള പ്രയാണം ആരംഭിക്കേണ്ടി വന്നു മനുവിന് .

ഈയിടെ അച്ഛന്റെ പഴയ പുസ്തകങ്ങൾ പൊടിതട്ടി മാറ്റി വയ്ക്കുമ്പോൾ  , വിവേകാനന്ദ സാഹിത്യ സർവസ്വത്തിലെ  അവസാന പേജിലെ  ഒരു വാക്യം ശ്രദ്ധയിൽപ്പെട്ടു .

"വരാനിരിക്കുന്ന നാളുകളിൽ തന്റെ പൂർവ പിതാക്കന്മാരുടെ ധർമ്മ വിശ്വാസം എമ്മട്ടിലായിരുന്നു എന്ന് മനസ്സിലാക്കി ജീവിത രണാo ഗണത്തിലേക്ക് തന്റെ കുട്ടികളെ കൈ പിടിച്ചു നടത്താൻ യത്നിക്കുന്ന അച്ഛനമ്മമാർ മനസ്സുറപ്പിന്നും , വെളിച്ചത്തിന്നും വേണ്ടി ഈ പുസ്തക ത്താളുകളെ  ആശ്രയിക്കും ..."

പണ്ടെന്നോ അച്ഛൻ മടിയിലിരുത്തി ഈ വാക്യം വായിച്ചു തന്നതായൊരൊർമ്മ . അന്നതിന്റെ  പൂർണമായ അർഥം പിടി കിട്ടിക്കാണാ ൻ  വഴിയില്ല . ഇപ്പോൾ ഇന്ന്പാ ടെ മാറിയിരിക്കുന്ന ജീവിത ചര്യകളും , സാമൂഹിക ബന്ധങ്ങളും എല്ലാം ഒരു പക്ഷെ മുന്നിൽക്കണ്ടായിരിക്കും പ്രസാധകർ അന്നെതെഴുതിയത് ? . എന്തോ അറിയില്ല .

ഫേസ് ബുക്കിനും , കമ്പ്യൂട്ടർ ഗെയിംസിനും  , അതിമാനുഷിക ഹോളി വുഡ് കഥാപാത്രങ്ങൾക്കും  അവർ കാട്ടിക്കൂട്ടുന്ന  വിക്രിയകൾക്കും പിന്നാലെപ്പായുന്ന ഇന്നത്തെ കുഞ്ഞുക്കൾക്കും , ചെറുപ്പക്കാർക്കും ഒരു പക്ഷെ നമ്മുടെ പുരാതന  ആശയ സംഹിതകളും , മൂല്യങ്ങളും, സാമൂഹിക പ്രതിബദ്ധതയും  അന്യം നിന്നുപോകാനുണ്ടായ സാഹചര്യം ഉണ്ടാക്കിതീർത്ത ത്തിൽ താനടക്കമുള്ളവർക്ക് നല്ലൊരു പങ്കുണ്ടെന്ന് മനു വിശ്വസിച്ചാൽ തെറ്റുണ്ടോ ?

തന്റെ 4 വയസ്സുള്ള മകൻ ഐ-ഫോണിലെ എല്ലാ ഗെയിംസും ,"APPsഉം " കൈകാര്യം ചെയ്യാൻ മിടുക്കനാണ് എന്ന് പറയുമ്പോൾ അഭിമാനം കൊണ്ട് വീർപ്പു  മുട്ടുന്ന അച്ഛനമ്മാർ , അവനു മുന്നോട്ടു പോകാൻ , ജീവിത പ്രതി സന്ധികളിൽ മുട്ട് വിറക്കാ തിരിക്കാൻ അത് മാത്രമാണോ വേണ്ടതെന്നു ചിന്തിക്കുന്നത് നന്ന് . 

നിശാ  ക്ലബ്ബുകളും , ലഹരി പദാർഥങ്ങളും ,  ചെറുപ്പത്തിലെ പരിച്ചയിക്കുന്ന നമ്മുടെ ചെറുപ്പം തലമുറയ്ക്ക് വരും കാലങ്ങളിൽ തളരാതെ മുന്നോട്ടു പോകാൻ ,എങ്ങനെ എതിരാളിയെ മലർത്തി യടിച്ചു ജീവിത വിജയം നേടാം എന്ന് മറ്റും പഠി പ്പിക്കുന്ന  മുന്തിയ മാനെജുമെന്റ്   പാ ഠങ്ങളോ , കാപ്സ്യൂൾ പരുവത്തിൽ കൊടുക്കുന്ന എഞ്ചിനീയറിംഗ്  പാഠ ങ്ങൾക്കോ കഴിയില്ലെന്ന തിരിച്ചറിയുന്ന കാലം വിദൂരമല്ല . 

സ്നേഹം , സാഹോദര്യം , സഹജീവികളോടുള്ള  അനുകമ്പ എന്നീ ജീവിത മൂല്യങ്ങളിൽ അധിഷ്ടിതമായി  , ജീവിത പരാജയങ്ങളിൽ അടി പതറാതെ ഉറച്ച കാൽ വയ്പ്പോടെ സധൈര്യം  മുന്നോട്ടു പോകാൻ നമ്മെ പ്രാപ്തനാക്കാനുള്ള ജീവിത ക്രമങ്ങളും, ആചാരങ്ങളും, കഥകളും , ഉപദേശങ്ങളും എല്ലാം അടങ്ങുന്ന ഒരു "APP" പണ്ടുണ്ടായിരുന്നു . ... 

ഒന്ന് കൂടെ നമുക്കതിനെ  പൊടിതട്ടിയെടുത്തു കൂടെ ?, നമ്മുടെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൂടെ  ? ....

Sunday, September 29, 2013

നവ സിദ്ധാശ്രമം അല്ലെങ്കില്‍ "Shangri La" ...

മനുവിന്‍റെ വിവരണം ശ്രോതാക്കളില്‍ ഒരു സമ്മിശ്ര പ്രതികരണമാനുളവാക്കിയത് . ..

അവിടനല്ലൂരില്‍ നിന്ന് വന്ന റിട്ടയേര്‍ഡ്‌ മലയാളം ടീച്ചര്‍ സരസ്വതീ ദേവി സാരിതലപ്പു കൊണ്ട് കണ്ണുകള്‍ തുടച്ചുകൊണ്ട് മാലയിലെ ഗുരുവായൂരപ്പന്‍റെ ലോക്കറ്റ് അമര്‍ത്തിപ്പിടിച്ചപ്പോള്‍ , ബാംഗ്ലൂരില്‍ ഒരു വലിയ I.T കമ്പനിയില്‍ ജോലി ചെയ്യുന്ന രോഹിത് അല്പം പുച്ഛഭാവത്തില്‍ ഒരു കോട്ടുവായിട്ടു . തന്‍റെ വിലപിടിച്ച അര മണിക്കൂര്‍ നഷ്ടപ്പെടുത്തിയ മനുവിനെ ഒരല്‍പം നീരസത്തോടെ നോക്കി എഴുന്നേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി നിശ്ചലിനെ റിട്ടയേര്‍ഡ്‌ പ്രഫസര്‍ ശങ്കരനാരായണന്‍ എന്തോ പറഞ്ഞു ശാന്തനാക്കാന്‍ ശ്രമിയ്ക്കുന്നത് കണ്ടു .

മനു തുടര്‍ന്നു ... "ശരിയാണ് .., നിങ്ങള്‍ക്ക് അവിശ്വസനീയമായി തോന്നാം . പക്ഷെ സത്യമാണ് ... ഇങ്ങനെയൊരു നാട് അങ്ങ് വടക്ക് കിഴക്കെ ഭാരതാതിര്‍ത്തിയിലുണ്ട്"  ....

ബ്ലോഗേര്‍സ് മീറ്റിന്‍റെ "തിരഞ്ഞെടുത്ത ബ്ലോഗരുമായുള്ള സംവാദത്തില്‍ തന്‍റെ "ഒരുത്തരെന്ത്യന്‍ യാത്ര" എന്ന പോസ്റ്റിനെ കുറിച്ച് സംസാരിക്കുകായിരുന്നു മനു .

"ഞാന്‍ പറഞ്ഞാല്‍ സാറിന് വിശ്വാസം വരില്ല . ഒന്ന് പോയി നേരില്‍ കാണൂ"  എന്ന് യാത്രയില്‍ പരിചയപ്പെട്ട ഒരു വഴിവാണിഭക്കാരന്‍ പറഞ്ഞപ്പോള്‍ മനു വെറുതെ ഒന്ന്  പോയി നോക്കിയതാണ് . ട്രെയിന്‍ ഇറങ്ങി കുറെ ദൂരം കോവര്‍ക്കഴുകതളെപ്പൂട്ടിയ വണ്ടിയില്‍ യാത്ര ചെയ്തും  , കുറെ ദൂരം നടന്നും ആണത്രെ മനു അവിടെ ചെന്നുചെര്‍ന്നത്‌ . മലകളാല്‍ ചുറ്റപ്പെട്ടു ,  പുറം ലോകത്തിന് പെട്ടന്ന് ശ്രദ്ധ പതിപ്പിക്കാന്‍ പറ്റാത്ത വിധത്തിലാണ് ആ നാടിന്‍റെ കിടപ്പ് .ആ സ്ഥലത്ത് പോയപ്പോള്‍ മനുവിന് ഓര്‍മ വന്നത്  പുരാണേതിഹാസങ്ങളില്‍ പറഞ്ഞിട്ടുള്ള "സിദ്ധാശ്രമം" അല്ലെങ്കില്‍ ബ്രിട്ടീഷ്‌ നോവല്‍ "ദി ലോസ്റ്റ്‌ ഹോറിസോണ്‍" പറഞ്ഞിട്ടുള്ള "Shangri La" ആണത്രെ.

 ആ സമൂഹത്തിന്‍റെ പിറവിയെപ്പറ്റിയാരഞ്ഞപ്പോള്‍ ഗ്രാമ മുഖ്യന്‍ പറഞ്ഞതിവ്വിധം  എന്ന് മനു ഓര്‍ത്തെടുക്കുന്നു  .

"ലോകത്തെമ്പാടും തിന്മ വളര്‍ന്നു തുടങ്ങിയപ്പോള്‍,ഭൌതിക നേട്ടങ്ങളെ ആധാരമാക്കി ചേരി തിരുവുകളും , മത്സരങ്ങലും മുറുകിയപ്പോള്‍ അതില്‍ മനം മടുത്ത ഒരു കൂട്ടം ജന വിഭാഗം രൂപം കൊടുത്ത ജീവിതചര്യകളെ  അനുധാവനം ചെയ്യുന്ന ഒരു സമൂഹം .കാലക്രമേണ ചില മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും,  അടിസ്ഥാന നിയമ സംഹിതയെ അണുവിട തെറ്റാതെ പിന്തുടരുന്നുണ്ട് ഞങ്ങള്‍ " .

ക്രമത്തില്‍ മൂന്ന് ഫലകങ്ങള്‍ കാണാം ആ ഗ്രാമത്തിലേക്കുള്ള മാര്‍ഗ മദ്ധ്യേ ... മനു വിവരണം തുടര്‍ന്നുകൊണ്ടു പറഞ്ഞു .

ആദ്യത്തെ ഫലകം പ്രവേശന കവാടത്തില്‍ നിന്നും തെല്ലും ദൂരെയല്ലാതെ വച്ചിരിക്കുന്നു . അതിലിപ്രകാരം എഴുതിയിരിക്കുന്നു ...

"സ്വാഗതം ..."

ഒരു പച്ച പുല്‍പ്പരപ്പു കഴിഞ്ഞു ഒരു ചെറിയ കയറ്റം ഇറങ്ങുമ്പോള്‍ കാണുന്ന രണ്ടാമത്തെ ഫലകത്തില്‍  എഴുതിയിരിയ്ക്കുന്നു .

"പുറം ലോകത്തിന് അതി വിചിത്രവും, അബദ്ധജടിലവുമായി തോന്നാം ഞങ്ങളുടെ വിശ്വാസങ്ങപ്രമാണങ്ങളെങ്കിലും ഞങ്ങള്‍ക്കതില്‍ തെല്ലും നിരാശയില്ല . ഞങ്ങളുടെ ആത്യന്തിക ലക്‌ഷ്യം മനുഷ്യ നന്‍മ , പ്രമാണം സഹജീവികളോടുള്ള കരുണ ...അരൂപിയായ ആ കാരുണ്യ രൂപന്‍ നിങ്ങളെ നേര്‍ വഴിക്ക് നടത്തട്ടെ ... "  "

പ്രധാന തെരുവിലേക്ക്‌ കടക്കുന്നതിനു മുന്‍പുള്ള മരത്തിനു കീഴെ മൂന്നാമത്തെ ഫലകത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു ... "

"നിങ്ങള്‍ക്കും ഞങ്ങളില്‍ ഒരാളാകാം ... ഞങ്ങളുടെ നിയമങ്ങള്‍ സശ്രദ്ധം അനുവര്‍ത്തിച്ചാല്‍ മാത്രം  ...... "

                                    (    നാടിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്നെഴുതാം .... )

Monday, July 1, 2013

ഷാഗി എന്ന അമ്മിണിക്കുട്ടി ...

വാതിലില്‍ മുട്ട് കേട്ടപ്പോള്‍ മനു പ്രതീക്ഷിച്ചത് നൂതനസാധനസാമഗ്രികളോടെ വന്നിട്ടുള്ള ഒരു സംഘത്തെയാണ് . പ്രസ്തുത സംഘം പരിശോധനക്ക് വരുന്നെന്ന് മൂന്നാഴ്ചയ്ക്ക് മുന്‍പേ അറിയിപ്പ് കിട്ടിയിരുന്നു . എന്തായാലും കൃത്യം പത്ത് മണിയ്ക്ക് തന്നെ അവരെത്തിയിരിയ്ക്കുന്നു .

ആമുഖത്തില്‍ വിവരിച്ചിട്ടുള്ള സംഘത്തിന്‍റെ ആഗമന ഉദ്ദേശ്യം ഒരു മഹാകാര്യമ്മാനെന്നു കരുതിയവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് .

സംഗതി മറ്റൊന്നുമല്ല "മൂട്ടപിടുത്തമാണ് " അവരുടെ വരവിന്‍റെ വരവിന്‍റെ ഉദ്ദേശ്യമെന്ന് ആദ്യമേ തുറന്നു പറയട്ടെ .


ഇനി അതൊരു ചെറിയ കാര്യമാണെന്ന് എന്ന് പറഞ്ഞ് ചെറുതാക്കണ്ടാ . വര്‍ഷം വലിയൊരു സംഖ്യയാണ് പാശ്ചാത്യ രാജ്യങ്ങള്‍ മൂട്ടകളെ വധിക്കാന്‍ ചിലവഴിക്കുന്നത് എന്ന് ഓര്‍ത്താല്‍ കാര്യങ്ങളുടെ കിടപ്പ് ശരിക്കും പിടി കിട്ടും .

വാതില്‍ തുറന്നപ്പോള്‍ കണ്ടത് ടൈയും കോട്ടും ധരിച്ച ഒരു സായിപ്പും വെള്ള ഉടുപ്പിട്ട ഒരു പട്ടിയെയുമാണ് . ഒരു വലിയ സംഘത്തെ പ്രതീക്ഷിച്ച് പുറകിലേക്ക് നോക്കിയ മനുവിനെ നിരാശപ്പെടുത്തിക്കൊണ്ടു സായിപ്പ് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു .

"ഐ ആം ജോണ്‍ ആന്‍ഡ്‌ ഷീ ഈസ്‌ ഷാഗി ( മനു പിന്നീട് അവള്‍ക്കിട്ട പേര് അമ്മിണിക്കുട്ടി ...)"

മൂട്ടപ്പിടുത്ത സംഘത്തിലെ ഏറ്റവും പ്രഗല്‍ഭയാണ് ഒന്നര വയസ്സുകാരി ഷാഗി എന്ന് പറഞ്ഞപ്പോള്‍  അവള്‍ക്കു വലിയ നാണം. കാര്‍പ്പെട്ടില്‍ കാല്‍ കൊണ്ടവള്‍ നാല് മാന്ത് മാന്തി .( ഒരു പക്ഷെ നാണം കൊണ്ട് ചിത്രമെഴുതുകയാകാം .) .


ജോണ്‍ വീടിനകത്ത് പ്രവേശിച്ചതും ഷാഗി കൂടെ ഉള്ളില്‍ക്കയറി അയാള്‍ക്ക്‌ പുറകില്‍ സ്ഥാനം പിടിച്ചു . മനുവിന്‍റെ മകള്‍  ഒരു വയസ്സുകാരി മീനാക്ഷിക്ക് ഷാഗിയെക്കണ്ടപ്പോള്‍ വലിയ കൌതുകം .

മനുവിനിപ്പോള്‍ ഓര്‍മ വരുന്നത് .... ഒരു പത്തിരുപത്തഞ്ച് കൊല്ലം പുറകിലേക്ക് ...  ഫ്ലാഷ്ബാക്ക്

മുന്നില്‍ കാര്യസ്ഥന്‍ നാരായണന്‍ നായരും കൂടെ സന്തത സഹചാരി അമ്മിണിക്കുട്ടി എന്ന വിളിപ്പേരുള്ള പട്ടിയുമാണ് ഇപ്പോള്‍ മനുവിന് മുന്നില്‍ നില്‍ക്കുന്നത് . അമ്മിണിക്കുട്ടിയ്ക്ക് പക്ഷെ കഴുത്തില്‍ ഒരു മണിയുണ്ടായിരുന്നു.ഷാഗി പക്ഷെ വളരെ മോഡേണ്‍ ആണ് .....

ഒന്ന് തറപ്പിച്ച് നോക്കിയപ്പോള്‍ കോട്ടും ടൈയും ഇട്ട നാരായണന്‍ നായര്‍ അമ്മിണിക്കുട്ടിയുമായി നില്‍ക്കുന്ന പോലെത്തോന്നി മനുവിന്  ! .

ജോണ്‍ ഷാഗിയെ തുടലില്‍ നിന്നും അഴിച്ച് വിട്ടതും, അവള്‍ ഓടി നടന്ന് മുറികള്‍ മുഴുവന്‍ 'ഘ്രാണിച്ച്" തിരിച്ചു ഞങ്ങള്‍ നിന്നിടത്തെക്ക് വന്നു.

ഷാഗിയുടെ ഒരു പ്രത്യേക ഈണത്തിലുള്ള ഒരു മൂളല്‍ കേട്ടതും ജോണ്‍ മനുവിന് നേരെ തിരിഞ്ഞ് കൈ കൊടുത്തുകൊണ്ട് പറഞ്ഞു .

"ഓ യു ആര്‍ ഗുഡ് . നതിംഗ് റ്റു വറി . നോ മൂട്ട ശല്യം ... " . ഇത്രയും പറഞ്ഞു അവര്‍ പോകാനൊരുങ്ങി .

പുറത്തു കടക്കുമ്പോള്‍,  വാതില്‍ അടയുന്നതിനു മുന്‍പ് ;  ഷാഗിയെന്ന അമ്മിണിക്കുട്ടി തിരിഞ്ഞ്   നോക്കിയപ്പോള്‍ മനു  വെറുതെ കൈ വീശി യാത്ര പറഞ്ഞു ,  ഒപ്പംകോട്ടിട്ട നാരായണന്‍ നായരോടും ..

മനുവിന് പറയണമെന്നുണ്ടായിരുന്നു അവളെ ഇത്തരം ദൌത്യങ്ങള്‍ക്കായി ഇനി കൊണ്ട് നടക്കരുതെന്ന് .മഹാഭാരതത്തില്‍ യുധിഷ്ഠിരന്‍റെ മഹാ പ്രസ്ഥാന യാത്രയില്‍ അവസാനം വരെ കൂടെ നടന്ന ശ്വാവിന്‍റെയും, സ്പുട്നിക്കില്‍ യാത്ര ചെയ്ത ലെയ്ക്കയുടെയും , വര്‍ഗ പാരമ്പര്യമുള്ള അവള്‍ക്കു ഇപ്പണി ചേരില്ലെന്ന് മനുവിന് വെറുതെ തോന്നി .

 വെറുതെ അങ്ങനെയൊരു തോന്നല്‍ ... വെറുതെ .... മനുവിന്‍റെ ചില തോന്നലുകള്‍ പോലെയുള്ള ഒരു വെറും തോന്നല്‍ ...

Tuesday, December 25, 2012

ഈ വാക്ക് പഠിക്യാ ...

അവസരങ്ങളെ ഭയപ്പെടാതിരിക്കുക , സാഹസികതയെ വാരിപ്പുണരുക. ഞാന്‍ നിനക്ക് തന്നിട്ടുള്ള പതിനഞ്ചു എക്യുവും, കുതിരയും , ദ ട്രെവില്ലിക്കുള്ള കത്തും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുക .

ഇന്ന്,  ദാര്തന്ജന്‍ ഗാസ്കനിയില്‍നിന്ന് പാരിസിലേക്ക് തിരിക്കുകയാണ് . ഒപ്പം അച്ഛന്‍ ഏല്‍പ്പിച്ച മൂന്നു നിധികള്‍ ... പതിനഞ്ചു എക്യുവും , ഒരു കുതിരയും ഒപ്പം ദ ട്രെവില്ലിക്കുള്ള കത്തും . തന്‍റെ ചിരകാലാഭിലാഷമായിട്ടുള്ള മസ്കട്ടേഴ്സില്‍ ചേരാനായി .

My son , be worthy of your noble name ... ബര്നാര്ദ് ബാട്സ് ഇത് പറഞ്ഞ് നിര്‍ത്തിയതും, നാരായണന്‍ സര്‍ പുസ്തകം മടക്കി ഞങ്ങള്‍ ആറു പേരുടെ ഡെസ്കിനടുത്തു വന്നിരുന്നു .
ഞങ്ങള്‍ ആറു പേരും അപ്പോളും ഗാസ്കനിയില്‍ നിന്ന് യാത്ര തിരിക്കുന്ന ദാര്തന്ജനൊപ്പമായിരുന്നു . ക്ലാസ്സില്‍ ഞങ്ങളുടെ അംഗബലം കണ്ട് 'മനസ്സ് നിറഞ്ഞത്' കൊണ്ടാണെന്ന് തോന്നുന്നു ,അന്ന് സര്‍ പറഞ്ഞു . 

അലക്സാണ്ടര്‍ ദ്യൂമസിന്‍റെ "The Three musketeers" ന് ലോകത്തില്‍ അന്ന് വരെ ലഭിച്ചിട്ടുള്ള ഒരു വേദിയില്‍പ്പോലും ഇത്രയും കുറച്ചു ശ്രോതാക്കള്‍ ഉണ്ടായിക്കാണില്ല .

.ഞങ്ങള്‍ ചിരിച്ചു

അടുത്തകാലത്തെന്നോ അടര്‍ത്തിമാറ്റപ്പെട്ട പ്രീ-ഡിഗ്രി കൊഴ്സിന്‍റെ അവസാന ദളങ്ങളില്‍ ഒന്നായിരുന്നു ഞങ്ങളുടെ ബാച്ച് .ഒരു പത്താം ക്ലാസുകാരന്‍റെ അമ്പരപ്പും, ഭയവും, മാറുന്നതിനു  മുന്‍പേ കഴിഞ്ഞു പോയതായിതോന്നിയിട്ടുണ്ട് പ്രീ-ഡിഗ്രി കാലം . എന്നിരുന്നാലും ഓര്‍മയുള്ളവകളില്‍ ഒന്നാണ് നാരായണന്‍ സാറിന്‍റെ ഇംഗ്ലീഷ് ക്ലാസ്.

ഭാവികാല എഞ്ചിനീയറിംഗ് വാഗദാനങ്ങളായ പ്രതിഭകള്‍ ഫിസിക്സ്‌,മാത്സ് ട്യൂഷന്‍ ക്ലാസുകല്‍ക്കായി ഇംഗ്ലീഷ് ക്ലാസ്സിനെ 'മുറിച്ചു മാറ്റി' പോകുമ്പോള്‍ ഞങ്ങള്‍ ആറു പേര്‍ മാത്രം ദര്തഞ്ഞന്റെയും നാരായണന്‍ സാറിന്റെയും കൂടെ പാരിസിലേക്ക് യാത്ര തിരിച്ചു . 

പിന്നീടുള്ള ക്ലാസുകളില്‍ ഒന്നില്‍പ്പോലും, കുറഞ്ഞപക്ഷം എന്‍റെ ഓര്‍മയിലെങ്കിലും അദ്ദേഹം ഒരിക്കല്‍പ്പോലും പ്ലാട്ഫോര്‍മില്‍ കയറി നിന്ന് ക്ലാസ്‌ എടുത്തിട്ടില്ല . എന്നും ഞങ്ങള്‍ മുന്‍പിലെ ബഞ്ച് സാറിന് ഇരിക്കാനായി ഞങ്ങള്‍ ഒഴിച്ചിട്ടു . അതുകൊണ്ട് തന്നെ ദര്തന്ജന്റെ യാത്രകളില്‍ മുഴുവന്‍ സിഗരറ്റ് മണം നിറഞ്ഞു നിന്നു . 

"ഈ വാക്ക് പഠിക്യാ ... "  പുതു വാക്കുകള്‍ വരുമ്പോള്‍ സര്‍ പറയും . 

ആ ഉപദേശത്തിന്‍റെ വില അന്ന് പിടികിട്ടിയിരുന്നില്ലെങ്കിലും പിന്നീട് പലപ്പോഴും പല വാക്കുകള്‍ക്ക് മുന്‍പിലും മിഴിച്ചു നിന്നപ്പോള്‍ എന്‍റെ കാതുകളില്‍ ഉച്ചത്തില്‍ മുഴങ്ങിയിരുന്നു സാര്‍ പറയാറുള്ളത് , ഒപ്പം നരച്ച താടിയുള്ള സാറിന്‍റെ മുഖവും .

ഒരിക്കലാരോ ക്ലാസ്സില്‍ കാണിച്ച എന്തോ ഒരു നേരമ്പോക്കിനു അല്‍പം കടുപ്പത്തില്‍ ഇപ്രകാരമായിരുന്നു ശാസന .

 " ജീവിതത്തില്‍ എന്തെങ്കിലും ഇതിനകം നിങ്ങള്‍ നേടിക്കഴിഞ്ഞു എന്ന് നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ അത് വെറുതെയാണെന്ന് മനസിലാക്കുക . നല്ല വീട്ടില്‍പ്പിറന്നു, ബൌധികപരമായി അല്പം മുന്നില്‍ നില്‍ക്കുന്ന ചിലരുടെ സാമീപ്യം കൊണ്ട് മാത്രം ഇവിടെ വരാനായ നിങ്ങള്‍, ഒന്ന് കണ്ണ് തുറന്നു കാണണം . ഒരുപാടുണ്ട് നമുക്ക് ചുറ്റും, എല്ലാമുണ്ടായിട്ടും ഒന്നും ആകാനാകാത്തവര്‍, അല്ലെങ്കില്‍ അവസരം കിട്ടാത്തവര്‍ . 

മുന്‍പേ പറഞ്ഞ ചിന്ത മനസ്സില്‍ തോന്നിതുടങ്ങുമ്പോള്‍ അവയെ കടിഞ്ഞാണിടാന്‍, വരും കാലങ്ങളില്‍ നിങ്ങളെ നേര്‍വഴി കാണിക്കാന്‍ ... ഇതോര്‍ക്കുക ... "


ഇന്ന് മീറ്റിംഗ് നടന്നപ്പോള്‍ കേട്ട പുതിയൊരു വാക്ക് എഴുതി വച്ചു . അങ്ങനെയൊരു പതിവില്ല , പിന്നെടെന്തോ അങ്ങനെ ചെയ്യാന്‍ തോന്നി . ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം ഇതെല്ലാം ഓര്‍ത്തത് കൊണ്ടാകാം .

എന്നിട്ട്  ചെറിയ ശബ്ദത്തില്‍ ഞാന്‍ മാത്രം കേള്‍ക്കെപ്പറഞ്ഞു ... "ഈ വാക്ക് പഠിക്യാ ... " 



Saturday, November 10, 2012

ഓര്‍മ്മകള്‍ ...


ഏകദേശം ഒന്‍പതു മുതല്‍ പത്തു വര്‍ഷം പഴക്കമുള്ള ഇ-മെയിലുകള്‍ !

സത്യം പറഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ നിശബ്ദമായി ഇല്ലായ്മ ചെയ്തത്,  പഴയ എഴുത്തുകുത്തുകളെ  മാത്രമല്ല , ഹൃദയസ്പര്‍ശികളായ ഇമെയിലുകളെ കൂടെയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ലെന്നു അറിയുക ...

ജോലി കിട്ടി ബോംബെയില്‍ പോയതും , ജോലിയില്‍ ജോയിന്‍ ചെയ്തതും , ആദ്യമായി ശമ്പളം വാങ്ങി നാട്ടിലേക്ക് അയച്ചതും അങ്ങനെ ഒരു പിടി ഓര്‍മ്മകള്‍ നിറഞ്ഞു നില്‍കുന്ന മെയിലുകള്‍ .
ചിലവ കണ്ണ് നിറയിക്കുന്നവ , ചിലത് വായിച്ചാല്‍ അങ്ങ് തൃശൂര്‍ പുഞ്ചക്കോളിന്‍റെ കാറ്റ് ഏല്‍ക്കുന്ന സുഖം തരുന്നവ മറ്റു ചിലവ വായിക്കുമ്പോള്‍ മുഖത്തു ഒരു കുസൃതിച്ചിരി വരും . മനസ്സ് പറയും,

എടാ കള്ളാ ...

2003 ല്‍ തുടങ്ങി 2007 ലെ മെയിലുകള്‍ വായിച്ചു സമയം നോക്കുമ്പോള്‍ സമയം രാത്രി 10:30 കഴിഞ്ഞിരിക്കുന്നു . അടുത്ത ചില സുഹൃത്തുക്കള്‍ക്ക് ഫോര്വേര്‍ഡും ചെയ്തു .

കൊള്ളാം ... ഒരു പുതിയ നേരം പോക്ക് . ശ്രമിച്ചു നോക്കൂ ...

ഈയിടെ സുബീഷിനെ വിളിച്ചപ്പോള്‍ പറഞ്ഞു ,  ഞാനും ഈയിടെ ഇതൊന്നു ചെയ്തു നോക്കി വിനോദ്‌ ...

പക്ഷെ ഓര്‍മ്മകള്‍ അതിഭയങ്കരണ്മാര്‍ ആണ് . സൂക്ഷിച്ചു കളിച്ചില്ലെങ്കില്‍ അങ്ങ് വലിച്ചു കൊണ്ട് പോകും .മുറുകെ  പിടിച്ചു നില്‍ക്കുക .,,,

 പ്രത്യേകിച്ച് നിങ്ങള്‍ ദൂരെയാണെങ്കില്‍ ...

Sunday, October 14, 2012

കിനാശ്ശേരിയും,ഷിക്കാഗോയും,ചെന്താമരാക്ഷനും...


കിനാശ്ശേരി പടിഞ്ഞാറേത്തൊടിയില്‍ പരമേശ്വരക്കുറുപ്പിന്റെയും ഭാഗീരഥിയമ്മയുടെയും മകന്‍ ചെന്താമരാക്ഷക്കുറുപ്പ് എന്ന ജാവാ ഡിവലപ്പര്‍ മനസില്ലാമനസ്സോടെ പറഞ്ഞു .

          "വില്യം ...,  താങ്കള്‍ക്ക് എന്നെ കുറുപ്പ് എന്ന് വിളിക്കാം"

കുട്ടിക്കുറുപ്പ്, കുഞ്ഞിക്കുറുപ്പ് , കുറുപ്പ് എന്നീ അഭിസംഭോധനാ പദങ്ങളോടുള്ള വെറുപ്പ്‌  നമ്മുടെ കഥാനായകന്‍ ചെറുപ്പം മുതലേ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാലും ഭഗവാന്‍റെ പേരായ "ചെന്താമരാക്ഷന്‍ " എന്ന പേര് ചെറുതാക്കി  , "ചെന്ത" എന്ന് വില്യം വിളിച്ചപ്പോള്‍ ഭാവിയിലത് "ചെണ്ടയായി" ലോപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ചെന്താമരാക്ഷന്‍ ഈ കടുത്ത തീരുമാനം എടുത്തത്‌.

ഇനി താന്‍ "കുറുപ്പ്" എന്ന ചുരുക്കപ്പേരില്‍  അറിയപ്പെടും.

വില്യം എന്ന ഫിലാഡെല്‍ഫിയക്കാരന്‍ പ്രോജക്റ്റ്‌ മാനേജര്‍ നമ്മുടെ കഥാനായകനെ അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് . പുതിയ പ്രോജക്റ്റ്‌ ചര്‍ച്ചകള്‍ക്കായിട്ട് .

കിനാശ്ശേരി വിട്ട് ആദ്യമായി ട്രെയിന്‍ കയറുമ്പോള്‍ തോന്നിയ ആവേശവും , ആകാംക്ഷയും ഒന്നും തോന്നിയില്ല കുറുപ്പിന് അത് കേട്ടപ്പോള്‍ .ബാംഗ്ലൂര്‍,ഡല്‍ഹി,മുംബൈ എന്നീ മഹാനഗരങ്ങള്‍ വിട്ട്പി ന്നീട് ചെന്നയില്‍ സ്ഥിരമായപ്പോള്‍,  നഗര ജീവിതത്തോട് അയാള്‍ക്ക്‌ അകല്‍ച്ച തോന്നിത്തുടങ്ങിയിരുന്നു .എന്ത് ചെയ്യാം ...  കിനാശ്ശേരിയില്‍ ജാവ ഡിവലപ്പുമെണ്ട് സെന്റര്‍ ഇല്ലല്ലോ . "വര്‍ക്ക്‌ ഫ്രം ഹോം" ചെയ്യാമെങ്കിലും കിനാശ്ശേരിയിലേക്ക് 'ജാവയെ' കൊണ്ട് പോകാന്‍ താലപ്പര്യമില്ല ചെന്താമരാക്ഷന്.

കിനാശ്ശേരി എന്നും പച്ച നിറഞ്ഞ പാടങ്ങളുടെയും, ആമ്പല്‍പ്പൂക്കള്‍ നിറഞ്ഞ കുളങ്ങളുടേയും, കിനാശ്ശേരി തേവരുടെയും, കുഞ്ഞിക്കൊരന്റെ തേക്ക് പാട്ടിന്‍റെയും നാടായിതുടര്‍ന്നാല്‍ മതി ചെന്താമരാക്ഷന് .അവിടെ 'ജാവ കോഡ് ഏററും, ബഫര്‍ ഓവര്‍ ഫ്ലോയും , എസ്.എല്‍.എ പ്രസന്റേഷനും ഒന്നും വേണ്ട.ചെന്താമരാക്ഷന്‍ പണ്ടേ തീരുമാനിച്ചു .

മകന്‍ അമേരിക്കയിലേക്ക്‌ പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ അഭിമാനതില്‍പ്പരം സന്തോഷമാണ് പരമേശ്വരക്കുറുപ്പിനു തോന്നിയത് .തോമസ്‌ ജെഫേര്‍സണ്‍ടെയും, എബ്രഹാംലിങ്കണ്‍ടെയും നാട്ടിലേക്ക് തന്‍റെ മകന്‍ പോകുന്നു എന്നുള്ളത് ആ പഴയ മലയാളം മാസ്ടര്‍ക്ക് സന്തോഷമേകി .അതും ഷിക്കാഗോയിലേക്ക് .

                                           സ്വാമി വിവേകനന്ദര്‍ , അമേരിക്കയിലെ എന്‍റെ സഹോദരീ സഹോദരങ്ങളെ എന്ന് അഭിസംഭോധന ചെയ്തു പ്രസംഗിച്ച മഹാ നഗരം.

നെഹ്രുവിയന്‍ സിദ്ധാന്തങ്ങളും , ഗാന്ധിയുടെ അനാസക്തി യോഗ സിന്ധാന്തങ്ങളും കേട്ട് പരിചയിച്ചു,  വിശ്വസിച്ചിരുന്ന പരമേശ്വരക്കുറുപ്പിന് വര്‍ത്തമാനകാല  സംഭവ വികാസങ്ങളില്‍ താല്‍പ്പര്യമില്ലാത്തത് ഒബാമയുടെ പുതിയ ഭരണ പരിഷ്കാരങ്ങളിലോ, യു.പി.എ യുടെ നൂതന ആശയങ്ങിളിലോ വിശ്വാസമില്ലാത്തതുകൊണ്ടല്ല, മറിച്ച് വയസ്സായത് കൊണ്ടാണെന്ന് ചെന്താമരാക്ഷന്‍ മനസ്സിനെ വിശ്വസിപ്പിച്ചു .

ചെന്നയില്‍ ജെമിനി ഫ്ലൈ ഓവറിനു താഴെ വിസ ഇന്റര്‍വ്യൂവിനു പോയപ്പോള്‍ ചെന്താമരാക്ഷന്‍ ജീവിതത്തില്‍ ആദ്യമായി കോട്ടും,കണ്oകൌപീനവും(tie) ധരിച്ചു. കോട്ടില്‍ കാക്ക "കടാക്ഷിചെങ്കിലും" അതൊരു നല്ല നിമിത്തമായെടുത്തു .തന്‍റെ പേര് പറയാന്‍ ബുദ്ധിമുട്ടിയ വിസ ഓഫീസറോഡ്‌ തന്നെ "കുറുപ്പ്" എന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ചെന്താമരാക്ഷന്‍റെ മുഖത്ത് ചെറു പുഞ്ചിരി ഉണ്ടായിരുന്നു .അയാള്‍ മനസ്സില്‍ കരുതി .

ഇനി ഒരു പക്ഷെ നാട്ടുകാര്‍ക്കെന്നെ "വലിയ കുറുപ്പ്" എന്ന് വിളിക്കാം . "വലിയ കുറുപ്പ്" .

ചെന്താമരാക്ഷന്‍ തയാര്‍ എടുക്കുകയാണ് , എബ്രഹാം ലിങ്കന്റെ നാട്ടിലേക്ക് ...,സ്വാമികള്‍ പ്രസംഗിച്ച മഹാനഗരത്തിലേക്ക് ... , വില്യം ബ്ലെയരുടെ അതിഥിയായിട്ടുള്ള യാത്രക്കായിട്ട് ...