Sunday, September 29, 2013

നവ സിദ്ധാശ്രമം അല്ലെങ്കില്‍ "Shangri La" ...

മനുവിന്‍റെ വിവരണം ശ്രോതാക്കളില്‍ ഒരു സമ്മിശ്ര പ്രതികരണമാനുളവാക്കിയത് . ..

അവിടനല്ലൂരില്‍ നിന്ന് വന്ന റിട്ടയേര്‍ഡ്‌ മലയാളം ടീച്ചര്‍ സരസ്വതീ ദേവി സാരിതലപ്പു കൊണ്ട് കണ്ണുകള്‍ തുടച്ചുകൊണ്ട് മാലയിലെ ഗുരുവായൂരപ്പന്‍റെ ലോക്കറ്റ് അമര്‍ത്തിപ്പിടിച്ചപ്പോള്‍ , ബാംഗ്ലൂരില്‍ ഒരു വലിയ I.T കമ്പനിയില്‍ ജോലി ചെയ്യുന്ന രോഹിത് അല്പം പുച്ഛഭാവത്തില്‍ ഒരു കോട്ടുവായിട്ടു . തന്‍റെ വിലപിടിച്ച അര മണിക്കൂര്‍ നഷ്ടപ്പെടുത്തിയ മനുവിനെ ഒരല്‍പം നീരസത്തോടെ നോക്കി എഴുന്നേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി നിശ്ചലിനെ റിട്ടയേര്‍ഡ്‌ പ്രഫസര്‍ ശങ്കരനാരായണന്‍ എന്തോ പറഞ്ഞു ശാന്തനാക്കാന്‍ ശ്രമിയ്ക്കുന്നത് കണ്ടു .

മനു തുടര്‍ന്നു ... "ശരിയാണ് .., നിങ്ങള്‍ക്ക് അവിശ്വസനീയമായി തോന്നാം . പക്ഷെ സത്യമാണ് ... ഇങ്ങനെയൊരു നാട് അങ്ങ് വടക്ക് കിഴക്കെ ഭാരതാതിര്‍ത്തിയിലുണ്ട്"  ....

ബ്ലോഗേര്‍സ് മീറ്റിന്‍റെ "തിരഞ്ഞെടുത്ത ബ്ലോഗരുമായുള്ള സംവാദത്തില്‍ തന്‍റെ "ഒരുത്തരെന്ത്യന്‍ യാത്ര" എന്ന പോസ്റ്റിനെ കുറിച്ച് സംസാരിക്കുകായിരുന്നു മനു .

"ഞാന്‍ പറഞ്ഞാല്‍ സാറിന് വിശ്വാസം വരില്ല . ഒന്ന് പോയി നേരില്‍ കാണൂ"  എന്ന് യാത്രയില്‍ പരിചയപ്പെട്ട ഒരു വഴിവാണിഭക്കാരന്‍ പറഞ്ഞപ്പോള്‍ മനു വെറുതെ ഒന്ന്  പോയി നോക്കിയതാണ് . ട്രെയിന്‍ ഇറങ്ങി കുറെ ദൂരം കോവര്‍ക്കഴുകതളെപ്പൂട്ടിയ വണ്ടിയില്‍ യാത്ര ചെയ്തും  , കുറെ ദൂരം നടന്നും ആണത്രെ മനു അവിടെ ചെന്നുചെര്‍ന്നത്‌ . മലകളാല്‍ ചുറ്റപ്പെട്ടു ,  പുറം ലോകത്തിന് പെട്ടന്ന് ശ്രദ്ധ പതിപ്പിക്കാന്‍ പറ്റാത്ത വിധത്തിലാണ് ആ നാടിന്‍റെ കിടപ്പ് .ആ സ്ഥലത്ത് പോയപ്പോള്‍ മനുവിന് ഓര്‍മ വന്നത്  പുരാണേതിഹാസങ്ങളില്‍ പറഞ്ഞിട്ടുള്ള "സിദ്ധാശ്രമം" അല്ലെങ്കില്‍ ബ്രിട്ടീഷ്‌ നോവല്‍ "ദി ലോസ്റ്റ്‌ ഹോറിസോണ്‍" പറഞ്ഞിട്ടുള്ള "Shangri La" ആണത്രെ.

 ആ സമൂഹത്തിന്‍റെ പിറവിയെപ്പറ്റിയാരഞ്ഞപ്പോള്‍ ഗ്രാമ മുഖ്യന്‍ പറഞ്ഞതിവ്വിധം  എന്ന് മനു ഓര്‍ത്തെടുക്കുന്നു  .

"ലോകത്തെമ്പാടും തിന്മ വളര്‍ന്നു തുടങ്ങിയപ്പോള്‍,ഭൌതിക നേട്ടങ്ങളെ ആധാരമാക്കി ചേരി തിരുവുകളും , മത്സരങ്ങലും മുറുകിയപ്പോള്‍ അതില്‍ മനം മടുത്ത ഒരു കൂട്ടം ജന വിഭാഗം രൂപം കൊടുത്ത ജീവിതചര്യകളെ  അനുധാവനം ചെയ്യുന്ന ഒരു സമൂഹം .കാലക്രമേണ ചില മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും,  അടിസ്ഥാന നിയമ സംഹിതയെ അണുവിട തെറ്റാതെ പിന്തുടരുന്നുണ്ട് ഞങ്ങള്‍ " .

ക്രമത്തില്‍ മൂന്ന് ഫലകങ്ങള്‍ കാണാം ആ ഗ്രാമത്തിലേക്കുള്ള മാര്‍ഗ മദ്ധ്യേ ... മനു വിവരണം തുടര്‍ന്നുകൊണ്ടു പറഞ്ഞു .

ആദ്യത്തെ ഫലകം പ്രവേശന കവാടത്തില്‍ നിന്നും തെല്ലും ദൂരെയല്ലാതെ വച്ചിരിക്കുന്നു . അതിലിപ്രകാരം എഴുതിയിരിക്കുന്നു ...

"സ്വാഗതം ..."

ഒരു പച്ച പുല്‍പ്പരപ്പു കഴിഞ്ഞു ഒരു ചെറിയ കയറ്റം ഇറങ്ങുമ്പോള്‍ കാണുന്ന രണ്ടാമത്തെ ഫലകത്തില്‍  എഴുതിയിരിയ്ക്കുന്നു .

"പുറം ലോകത്തിന് അതി വിചിത്രവും, അബദ്ധജടിലവുമായി തോന്നാം ഞങ്ങളുടെ വിശ്വാസങ്ങപ്രമാണങ്ങളെങ്കിലും ഞങ്ങള്‍ക്കതില്‍ തെല്ലും നിരാശയില്ല . ഞങ്ങളുടെ ആത്യന്തിക ലക്‌ഷ്യം മനുഷ്യ നന്‍മ , പ്രമാണം സഹജീവികളോടുള്ള കരുണ ...അരൂപിയായ ആ കാരുണ്യ രൂപന്‍ നിങ്ങളെ നേര്‍ വഴിക്ക് നടത്തട്ടെ ... "  "

പ്രധാന തെരുവിലേക്ക്‌ കടക്കുന്നതിനു മുന്‍പുള്ള മരത്തിനു കീഴെ മൂന്നാമത്തെ ഫലകത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു ... "

"നിങ്ങള്‍ക്കും ഞങ്ങളില്‍ ഒരാളാകാം ... ഞങ്ങളുടെ നിയമങ്ങള്‍ സശ്രദ്ധം അനുവര്‍ത്തിച്ചാല്‍ മാത്രം  ...... "

                                    (    നാടിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്നെഴുതാം .... )

Monday, July 1, 2013

ഷാഗി എന്ന അമ്മിണിക്കുട്ടി ...

വാതിലില്‍ മുട്ട് കേട്ടപ്പോള്‍ മനു പ്രതീക്ഷിച്ചത് നൂതനസാധനസാമഗ്രികളോടെ വന്നിട്ടുള്ള ഒരു സംഘത്തെയാണ് . പ്രസ്തുത സംഘം പരിശോധനക്ക് വരുന്നെന്ന് മൂന്നാഴ്ചയ്ക്ക് മുന്‍പേ അറിയിപ്പ് കിട്ടിയിരുന്നു . എന്തായാലും കൃത്യം പത്ത് മണിയ്ക്ക് തന്നെ അവരെത്തിയിരിയ്ക്കുന്നു .

ആമുഖത്തില്‍ വിവരിച്ചിട്ടുള്ള സംഘത്തിന്‍റെ ആഗമന ഉദ്ദേശ്യം ഒരു മഹാകാര്യമ്മാനെന്നു കരുതിയവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് .

സംഗതി മറ്റൊന്നുമല്ല "മൂട്ടപിടുത്തമാണ് " അവരുടെ വരവിന്‍റെ വരവിന്‍റെ ഉദ്ദേശ്യമെന്ന് ആദ്യമേ തുറന്നു പറയട്ടെ .


ഇനി അതൊരു ചെറിയ കാര്യമാണെന്ന് എന്ന് പറഞ്ഞ് ചെറുതാക്കണ്ടാ . വര്‍ഷം വലിയൊരു സംഖ്യയാണ് പാശ്ചാത്യ രാജ്യങ്ങള്‍ മൂട്ടകളെ വധിക്കാന്‍ ചിലവഴിക്കുന്നത് എന്ന് ഓര്‍ത്താല്‍ കാര്യങ്ങളുടെ കിടപ്പ് ശരിക്കും പിടി കിട്ടും .

വാതില്‍ തുറന്നപ്പോള്‍ കണ്ടത് ടൈയും കോട്ടും ധരിച്ച ഒരു സായിപ്പും വെള്ള ഉടുപ്പിട്ട ഒരു പട്ടിയെയുമാണ് . ഒരു വലിയ സംഘത്തെ പ്രതീക്ഷിച്ച് പുറകിലേക്ക് നോക്കിയ മനുവിനെ നിരാശപ്പെടുത്തിക്കൊണ്ടു സായിപ്പ് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു .

"ഐ ആം ജോണ്‍ ആന്‍ഡ്‌ ഷീ ഈസ്‌ ഷാഗി ( മനു പിന്നീട് അവള്‍ക്കിട്ട പേര് അമ്മിണിക്കുട്ടി ...)"

മൂട്ടപ്പിടുത്ത സംഘത്തിലെ ഏറ്റവും പ്രഗല്‍ഭയാണ് ഒന്നര വയസ്സുകാരി ഷാഗി എന്ന് പറഞ്ഞപ്പോള്‍  അവള്‍ക്കു വലിയ നാണം. കാര്‍പ്പെട്ടില്‍ കാല്‍ കൊണ്ടവള്‍ നാല് മാന്ത് മാന്തി .( ഒരു പക്ഷെ നാണം കൊണ്ട് ചിത്രമെഴുതുകയാകാം .) .


ജോണ്‍ വീടിനകത്ത് പ്രവേശിച്ചതും ഷാഗി കൂടെ ഉള്ളില്‍ക്കയറി അയാള്‍ക്ക്‌ പുറകില്‍ സ്ഥാനം പിടിച്ചു . മനുവിന്‍റെ മകള്‍  ഒരു വയസ്സുകാരി മീനാക്ഷിക്ക് ഷാഗിയെക്കണ്ടപ്പോള്‍ വലിയ കൌതുകം .

മനുവിനിപ്പോള്‍ ഓര്‍മ വരുന്നത് .... ഒരു പത്തിരുപത്തഞ്ച് കൊല്ലം പുറകിലേക്ക് ...  ഫ്ലാഷ്ബാക്ക്

മുന്നില്‍ കാര്യസ്ഥന്‍ നാരായണന്‍ നായരും കൂടെ സന്തത സഹചാരി അമ്മിണിക്കുട്ടി എന്ന വിളിപ്പേരുള്ള പട്ടിയുമാണ് ഇപ്പോള്‍ മനുവിന് മുന്നില്‍ നില്‍ക്കുന്നത് . അമ്മിണിക്കുട്ടിയ്ക്ക് പക്ഷെ കഴുത്തില്‍ ഒരു മണിയുണ്ടായിരുന്നു.ഷാഗി പക്ഷെ വളരെ മോഡേണ്‍ ആണ് .....

ഒന്ന് തറപ്പിച്ച് നോക്കിയപ്പോള്‍ കോട്ടും ടൈയും ഇട്ട നാരായണന്‍ നായര്‍ അമ്മിണിക്കുട്ടിയുമായി നില്‍ക്കുന്ന പോലെത്തോന്നി മനുവിന്  ! .

ജോണ്‍ ഷാഗിയെ തുടലില്‍ നിന്നും അഴിച്ച് വിട്ടതും, അവള്‍ ഓടി നടന്ന് മുറികള്‍ മുഴുവന്‍ 'ഘ്രാണിച്ച്" തിരിച്ചു ഞങ്ങള്‍ നിന്നിടത്തെക്ക് വന്നു.

ഷാഗിയുടെ ഒരു പ്രത്യേക ഈണത്തിലുള്ള ഒരു മൂളല്‍ കേട്ടതും ജോണ്‍ മനുവിന് നേരെ തിരിഞ്ഞ് കൈ കൊടുത്തുകൊണ്ട് പറഞ്ഞു .

"ഓ യു ആര്‍ ഗുഡ് . നതിംഗ് റ്റു വറി . നോ മൂട്ട ശല്യം ... " . ഇത്രയും പറഞ്ഞു അവര്‍ പോകാനൊരുങ്ങി .

പുറത്തു കടക്കുമ്പോള്‍,  വാതില്‍ അടയുന്നതിനു മുന്‍പ് ;  ഷാഗിയെന്ന അമ്മിണിക്കുട്ടി തിരിഞ്ഞ്   നോക്കിയപ്പോള്‍ മനു  വെറുതെ കൈ വീശി യാത്ര പറഞ്ഞു ,  ഒപ്പംകോട്ടിട്ട നാരായണന്‍ നായരോടും ..

മനുവിന് പറയണമെന്നുണ്ടായിരുന്നു അവളെ ഇത്തരം ദൌത്യങ്ങള്‍ക്കായി ഇനി കൊണ്ട് നടക്കരുതെന്ന് .മഹാഭാരതത്തില്‍ യുധിഷ്ഠിരന്‍റെ മഹാ പ്രസ്ഥാന യാത്രയില്‍ അവസാനം വരെ കൂടെ നടന്ന ശ്വാവിന്‍റെയും, സ്പുട്നിക്കില്‍ യാത്ര ചെയ്ത ലെയ്ക്കയുടെയും , വര്‍ഗ പാരമ്പര്യമുള്ള അവള്‍ക്കു ഇപ്പണി ചേരില്ലെന്ന് മനുവിന് വെറുതെ തോന്നി .

 വെറുതെ അങ്ങനെയൊരു തോന്നല്‍ ... വെറുതെ .... മനുവിന്‍റെ ചില തോന്നലുകള്‍ പോലെയുള്ള ഒരു വെറും തോന്നല്‍ ...