Sunday, July 15, 2012

കറുമ്പന്‍ മഷിപ്പേന ...



മനു ഇപ്പോഴും ഇത്തരം പേനകള്‍ ഉപയോഗിക്കാറുണ്ടോ എന്ന് ഒരിക്കലല്ല , പലവട്ടം  സഹപ്രവര്‍ത്തകര്‍ മനുവിനോട്  ചോദിച്ചിട്ടുണ്ട്, മനുവിന്‍റെ കറുത്ത ഫൌണ്ടന്‍ പേന കണ്ടിട്ട് ...

ഓഫീസ് രെജിസ്ട്രരില്‍  ഒപ്പ് വയ്ക്കുമ്പോള്‍ , മീറ്റിങ്ങുകളില്‍ നോട്സ് എടുക്കുമ്പോള്‍ ...  പലരുടെയും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള കറുത്ത ഫൌണ്ടന്‍  പേന . പഠിക്കുന്നകാലത്ത് എന്നോ കൂടെക്കൂടിയതാണ് , കൃത്യമായി ഓര്‍ക്കുന്നില്ല എന്നെന്ന് .

മഷിപ്പേനകളോടുള്ള ഭ്രമം കുട്ടിക്കാലത്തേ മനുവിനുണ്ട് . അഞ്ചാം ക്ലാസ്സിലോ , ആറിലോ ... ആദ്യമായി ബാള്‍ പെന്‍ ഉപോയോഗിച്ചു നോക്കിയപ്പോള്‍ പോലും മഷിപ്പേനകളോടുള്ള ഇഷ്ടത്തിന്നു ഒരു കുറവും വന്നില്ല എന്ന് മാത്രമല്ല പിന്നീട് ബാള്‍ പെന്‍ വാങ്ങിയിട്ടെ ഇല്ല മനു .

ഒരു പക്ഷെ ഒരു പച്ച ഹീറോ ഫൌണ്ടന്‍ പേന സ്ഥിരമായി ഉപയോഗിച്ചിരുന്ന അച്ഛനായിരിക്കാം മനുവില്‍ ഇത്തരം പേനകളോട് ഉള്ള  ഇഷ്ടത്തിനു കാരണമായത്‌ .

ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ വളരെ സൂക്ഷിച്ചു ഉപയോഗിച്ചിരുന്ന ആ പേന അച്ഛന്‍റെ കൂടെ വര്‍ഷങ്ങളോളം ഉണ്ടായിരുന്നു . പ്രസ്‌തുത പേന വയ്ക്കാന്‍ മാത്രം ഒരു ചില്ല് ഗ്ലാസും ( അതിനുള്ളിലോ അച്ഛന്‍റെ പോക്കറ്റിലോ അല്ലാതെ ആ പേനയെ മനു കണ്ടിട്ടില്ല ) അച്ഛന്‍ വച്ചിരുന്നു . രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ ഇളം ചൂട് വെള്ളത്തിലുള്ള കുളിപ്പിക്കല്‍ പേനയുടെ 'പെര്‍ഫോര്‍മന്‍സ്' കാത്തു സൂക്ഷിക്കാന്‍ അത്യന്താപേക്ഷിതമാണെന്ന് അച്ഛന്‍ പറയാറുള്ളത് മനു ഓര്‍ക്കുന്നു .

ചെറുപ്പത്തില്‍ എന്നോ അച്ഛനറിയാതെ  അതെടുത്ത് എഴുതിയതിനു കേട്ട ചീത്ത വാക്കുകളുടെ വേദന മാറിയത് പ്രീ-ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷാ ഫോമില്‍ ഒപ്പ് വയ്കാന്‍ അച്ഛന്‍ ആ പേന നീട്ടിയപ്പോള്‍ ആണ് .ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു അച്ഛന്‍റെ മുഖത്തപ്പോള്‍ .
പ്രീ-ഡിഗ്രി കാരനായതില്‍പ്പരം അച്ഛന്‍റെ ആ പേന കൊണ്ടെഴുതാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യം മനുവിന്‍റെ മുഖത്ത് നിറഞ്ഞു നിന്നു .


രണ്ടു പേനകള്‍ എപ്പോളും കയ്യില്‍ വയ്ക്കാന്‍ ശീലിച്ചതും അച്ഛനില്‍ നിന്നു പഠിച്ചത് .

ഒന്ന് ,  'പേനയുണ്ടോ ഒന്നെഴുതാന്‍ ' എന്ന് ചോദിച്ച് വരുന്നവര്‍ക്ക് .
മറ്റൊന്ന് തന്‍റെ മാത്രം ആവശ്യത്തിന് - കറുമ്പന്‍  മഷിപ്പേന .

കൊടുത്തേ കഴിയൂ എന്നുള്ള സാഹചര്യങ്ങള്‍ അച്ഛന്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്തിരുന്നതിങ്ങനെ  ...

പേനയുടെ ടോപ്പ് കയ്യില്‍ കരുതും , പേന കൊടുക്കും , ടോപ്പ് പുറകില്‍ തിരുകികയറ്റി കോറല്‍ വരാതിരിക്കാന്‍ !

വച്ച് എഴുതാനായി ഒരു മാസികയും ... നിബ്ബ് കോറാതിരിക്കാന്‍ !

അച്ഛന്‍ കിടപ്പിലാകുന്നതിന് കാരണമായ വീഴ്ച്ചയില്‍ അച്ഛന്‍റെ പ്രിയ മഷിപ്പേന രണ്ടായി നുറുങ്ങിയതും  , പകരക്കാരനായി വന്ന ചുകപ്പ് മഷിപ്പേനയോട്‌ തുടക്കത്തില്‍ അച്ഛന് തോന്നിയ അകല്‍ച്ചയും മനുവിന്‍റെ ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു .

ഒരു പക്ഷെ മനുവിന്‍റെ കമ്പ്യൂട്ടറിലെ 'നോട്ട്പാടിനും' 'വേര്‍ഡ്‌നും' മനുവിന്‍റെ കറുത്ത മഷിപ്പേനയോട്   അസൂയയുണ്ടായിരിക്കാം .

തങ്ങളെക്കാള്‍ കൂടുതല്‍ ഈ 'കറുമ്പനെ' ഇഷ്ട്ടപെടുന്നത് കൊണ്ട്  ...