Tuesday, December 25, 2012

ഈ വാക്ക് പഠിക്യാ ...

അവസരങ്ങളെ ഭയപ്പെടാതിരിക്കുക , സാഹസികതയെ വാരിപ്പുണരുക. ഞാന്‍ നിനക്ക് തന്നിട്ടുള്ള പതിനഞ്ചു എക്യുവും, കുതിരയും , ദ ട്രെവില്ലിക്കുള്ള കത്തും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുക .

ഇന്ന്,  ദാര്തന്ജന്‍ ഗാസ്കനിയില്‍നിന്ന് പാരിസിലേക്ക് തിരിക്കുകയാണ് . ഒപ്പം അച്ഛന്‍ ഏല്‍പ്പിച്ച മൂന്നു നിധികള്‍ ... പതിനഞ്ചു എക്യുവും , ഒരു കുതിരയും ഒപ്പം ദ ട്രെവില്ലിക്കുള്ള കത്തും . തന്‍റെ ചിരകാലാഭിലാഷമായിട്ടുള്ള മസ്കട്ടേഴ്സില്‍ ചേരാനായി .

My son , be worthy of your noble name ... ബര്നാര്ദ് ബാട്സ് ഇത് പറഞ്ഞ് നിര്‍ത്തിയതും, നാരായണന്‍ സര്‍ പുസ്തകം മടക്കി ഞങ്ങള്‍ ആറു പേരുടെ ഡെസ്കിനടുത്തു വന്നിരുന്നു .
ഞങ്ങള്‍ ആറു പേരും അപ്പോളും ഗാസ്കനിയില്‍ നിന്ന് യാത്ര തിരിക്കുന്ന ദാര്തന്ജനൊപ്പമായിരുന്നു . ക്ലാസ്സില്‍ ഞങ്ങളുടെ അംഗബലം കണ്ട് 'മനസ്സ് നിറഞ്ഞത്' കൊണ്ടാണെന്ന് തോന്നുന്നു ,അന്ന് സര്‍ പറഞ്ഞു . 

അലക്സാണ്ടര്‍ ദ്യൂമസിന്‍റെ "The Three musketeers" ന് ലോകത്തില്‍ അന്ന് വരെ ലഭിച്ചിട്ടുള്ള ഒരു വേദിയില്‍പ്പോലും ഇത്രയും കുറച്ചു ശ്രോതാക്കള്‍ ഉണ്ടായിക്കാണില്ല .

.ഞങ്ങള്‍ ചിരിച്ചു

അടുത്തകാലത്തെന്നോ അടര്‍ത്തിമാറ്റപ്പെട്ട പ്രീ-ഡിഗ്രി കൊഴ്സിന്‍റെ അവസാന ദളങ്ങളില്‍ ഒന്നായിരുന്നു ഞങ്ങളുടെ ബാച്ച് .ഒരു പത്താം ക്ലാസുകാരന്‍റെ അമ്പരപ്പും, ഭയവും, മാറുന്നതിനു  മുന്‍പേ കഴിഞ്ഞു പോയതായിതോന്നിയിട്ടുണ്ട് പ്രീ-ഡിഗ്രി കാലം . എന്നിരുന്നാലും ഓര്‍മയുള്ളവകളില്‍ ഒന്നാണ് നാരായണന്‍ സാറിന്‍റെ ഇംഗ്ലീഷ് ക്ലാസ്.

ഭാവികാല എഞ്ചിനീയറിംഗ് വാഗദാനങ്ങളായ പ്രതിഭകള്‍ ഫിസിക്സ്‌,മാത്സ് ട്യൂഷന്‍ ക്ലാസുകല്‍ക്കായി ഇംഗ്ലീഷ് ക്ലാസ്സിനെ 'മുറിച്ചു മാറ്റി' പോകുമ്പോള്‍ ഞങ്ങള്‍ ആറു പേര്‍ മാത്രം ദര്തഞ്ഞന്റെയും നാരായണന്‍ സാറിന്റെയും കൂടെ പാരിസിലേക്ക് യാത്ര തിരിച്ചു . 

പിന്നീടുള്ള ക്ലാസുകളില്‍ ഒന്നില്‍പ്പോലും, കുറഞ്ഞപക്ഷം എന്‍റെ ഓര്‍മയിലെങ്കിലും അദ്ദേഹം ഒരിക്കല്‍പ്പോലും പ്ലാട്ഫോര്‍മില്‍ കയറി നിന്ന് ക്ലാസ്‌ എടുത്തിട്ടില്ല . എന്നും ഞങ്ങള്‍ മുന്‍പിലെ ബഞ്ച് സാറിന് ഇരിക്കാനായി ഞങ്ങള്‍ ഒഴിച്ചിട്ടു . അതുകൊണ്ട് തന്നെ ദര്തന്ജന്റെ യാത്രകളില്‍ മുഴുവന്‍ സിഗരറ്റ് മണം നിറഞ്ഞു നിന്നു . 

"ഈ വാക്ക് പഠിക്യാ ... "  പുതു വാക്കുകള്‍ വരുമ്പോള്‍ സര്‍ പറയും . 

ആ ഉപദേശത്തിന്‍റെ വില അന്ന് പിടികിട്ടിയിരുന്നില്ലെങ്കിലും പിന്നീട് പലപ്പോഴും പല വാക്കുകള്‍ക്ക് മുന്‍പിലും മിഴിച്ചു നിന്നപ്പോള്‍ എന്‍റെ കാതുകളില്‍ ഉച്ചത്തില്‍ മുഴങ്ങിയിരുന്നു സാര്‍ പറയാറുള്ളത് , ഒപ്പം നരച്ച താടിയുള്ള സാറിന്‍റെ മുഖവും .

ഒരിക്കലാരോ ക്ലാസ്സില്‍ കാണിച്ച എന്തോ ഒരു നേരമ്പോക്കിനു അല്‍പം കടുപ്പത്തില്‍ ഇപ്രകാരമായിരുന്നു ശാസന .

 " ജീവിതത്തില്‍ എന്തെങ്കിലും ഇതിനകം നിങ്ങള്‍ നേടിക്കഴിഞ്ഞു എന്ന് നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ അത് വെറുതെയാണെന്ന് മനസിലാക്കുക . നല്ല വീട്ടില്‍പ്പിറന്നു, ബൌധികപരമായി അല്പം മുന്നില്‍ നില്‍ക്കുന്ന ചിലരുടെ സാമീപ്യം കൊണ്ട് മാത്രം ഇവിടെ വരാനായ നിങ്ങള്‍, ഒന്ന് കണ്ണ് തുറന്നു കാണണം . ഒരുപാടുണ്ട് നമുക്ക് ചുറ്റും, എല്ലാമുണ്ടായിട്ടും ഒന്നും ആകാനാകാത്തവര്‍, അല്ലെങ്കില്‍ അവസരം കിട്ടാത്തവര്‍ . 

മുന്‍പേ പറഞ്ഞ ചിന്ത മനസ്സില്‍ തോന്നിതുടങ്ങുമ്പോള്‍ അവയെ കടിഞ്ഞാണിടാന്‍, വരും കാലങ്ങളില്‍ നിങ്ങളെ നേര്‍വഴി കാണിക്കാന്‍ ... ഇതോര്‍ക്കുക ... "


ഇന്ന് മീറ്റിംഗ് നടന്നപ്പോള്‍ കേട്ട പുതിയൊരു വാക്ക് എഴുതി വച്ചു . അങ്ങനെയൊരു പതിവില്ല , പിന്നെടെന്തോ അങ്ങനെ ചെയ്യാന്‍ തോന്നി . ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം ഇതെല്ലാം ഓര്‍ത്തത് കൊണ്ടാകാം .

എന്നിട്ട്  ചെറിയ ശബ്ദത്തില്‍ ഞാന്‍ മാത്രം കേള്‍ക്കെപ്പറഞ്ഞു ... "ഈ വാക്ക് പഠിക്യാ ... " 



4 comments:


  1. ജീവിതത്തില്‍ എന്തെങ്കിലും ഇതിനകം നിങ്ങള്‍ നേടിക്കഴിഞ്ഞു എന്ന് നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ അത് വെറുതെയാണെന്ന് മനസ്സിനെ പറഞ്ഞു മനസിലാക്കുക . നല്ല വീട്ടില്‍പ്പിറന്നു, ബൌധികപരമായി അല്പം മുന്നില്‍ നില്‍ക്കുന്ന ചിലരുടെ സാമീപ്യം കൊണ്ട് മാത്രം ഇവിടെ വരാനായ നിങ്ങള്‍, ഒന്ന് കണ്ണ് തുറന്നു കാണണം . ഒരുപാടുണ്ട് നമുക്ക് ചുറ്റും, എല്ലാമുണ്ടായിട്ടും ഒന്നും ആകാനാകാത്തവര്‍, അല്ലെങ്കില്‍ അവസരം കിട്ടാത്തവര്‍ .

    മുന്‍പേ പറഞ്ഞ ചിന്ത മനസ്സില്‍ തോന്നിതുടങ്ങുമ്പോള്‍ അവയെ കടിഞ്ഞാണിടാന്‍, വരും കാലങ്ങളില്‍ നിങ്ങളെ നേര്‍വഴി കാണിക്കാന്‍ ... ഇതോര്‍ക്കുക ...

    ReplyDelete
  2. നാരായണന്‍ സാറിനെ പോലെ ചില അദ്ധ്യാപകരുണ്ട്. എത്ര കാലം കഴിഞ്ഞാലും നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നവര്‍...

    ഓര്‍മ്മകള്‍ പങ്കു വച്ചത് നന്നായിരിയ്ക്കുന്നു.

    പുതുവത്സരാശംസകള്‍!

    ReplyDelete
  3. ഗുരുര്‍ ദേവോ ഭവ:

    നല്ല സ്മരണകള്‍, നല്ല പാഠങ്ങള്‍

    ReplyDelete
  4. " ജീവിതത്തില്‍ എന്തെങ്കിലും ഇതിനകം നിങ്ങള്‍ നേടിക്കഴിഞ്ഞു
    എന്ന് നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ അത് വെറുതെയാണെന്ന് മനസിലാക്കുക.
    നല്ല വീട്ടില്‍പ്പിറന്നു, ബൌധികപരമായി അല്പം മുന്നില്‍ നില്‍ക്കുന്ന ചിലരുടെ
    സാമീപ്യം കൊണ്ട് മാത്രം ഇവിടെ വരാനായ നിങ്ങള്‍, ഒന്ന് കണ്ണ് തുറന്നു കാണണം . ഒരുപാടുണ്ട് നമുക്ക് ചുറ്റും, എല്ലാമുണ്ടായിട്ടും ഒന്നും ആകാനാകാത്തവര്‍, അല്ലെങ്കില്‍ അവസരം കിട്ടാത്തവര്‍ .

    ReplyDelete