Sunday, October 14, 2012

കിനാശ്ശേരിയും,ഷിക്കാഗോയും,ചെന്താമരാക്ഷനും...


കിനാശ്ശേരി പടിഞ്ഞാറേത്തൊടിയില്‍ പരമേശ്വരക്കുറുപ്പിന്റെയും ഭാഗീരഥിയമ്മയുടെയും മകന്‍ ചെന്താമരാക്ഷക്കുറുപ്പ് എന്ന ജാവാ ഡിവലപ്പര്‍ മനസില്ലാമനസ്സോടെ പറഞ്ഞു .

          "വില്യം ...,  താങ്കള്‍ക്ക് എന്നെ കുറുപ്പ് എന്ന് വിളിക്കാം"

കുട്ടിക്കുറുപ്പ്, കുഞ്ഞിക്കുറുപ്പ് , കുറുപ്പ് എന്നീ അഭിസംഭോധനാ പദങ്ങളോടുള്ള വെറുപ്പ്‌  നമ്മുടെ കഥാനായകന്‍ ചെറുപ്പം മുതലേ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാലും ഭഗവാന്‍റെ പേരായ "ചെന്താമരാക്ഷന്‍ " എന്ന പേര് ചെറുതാക്കി  , "ചെന്ത" എന്ന് വില്യം വിളിച്ചപ്പോള്‍ ഭാവിയിലത് "ചെണ്ടയായി" ലോപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ചെന്താമരാക്ഷന്‍ ഈ കടുത്ത തീരുമാനം എടുത്തത്‌.

ഇനി താന്‍ "കുറുപ്പ്" എന്ന ചുരുക്കപ്പേരില്‍  അറിയപ്പെടും.

വില്യം എന്ന ഫിലാഡെല്‍ഫിയക്കാരന്‍ പ്രോജക്റ്റ്‌ മാനേജര്‍ നമ്മുടെ കഥാനായകനെ അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് . പുതിയ പ്രോജക്റ്റ്‌ ചര്‍ച്ചകള്‍ക്കായിട്ട് .

കിനാശ്ശേരി വിട്ട് ആദ്യമായി ട്രെയിന്‍ കയറുമ്പോള്‍ തോന്നിയ ആവേശവും , ആകാംക്ഷയും ഒന്നും തോന്നിയില്ല കുറുപ്പിന് അത് കേട്ടപ്പോള്‍ .ബാംഗ്ലൂര്‍,ഡല്‍ഹി,മുംബൈ എന്നീ മഹാനഗരങ്ങള്‍ വിട്ട്പി ന്നീട് ചെന്നയില്‍ സ്ഥിരമായപ്പോള്‍,  നഗര ജീവിതത്തോട് അയാള്‍ക്ക്‌ അകല്‍ച്ച തോന്നിത്തുടങ്ങിയിരുന്നു .എന്ത് ചെയ്യാം ...  കിനാശ്ശേരിയില്‍ ജാവ ഡിവലപ്പുമെണ്ട് സെന്റര്‍ ഇല്ലല്ലോ . "വര്‍ക്ക്‌ ഫ്രം ഹോം" ചെയ്യാമെങ്കിലും കിനാശ്ശേരിയിലേക്ക് 'ജാവയെ' കൊണ്ട് പോകാന്‍ താലപ്പര്യമില്ല ചെന്താമരാക്ഷന്.

കിനാശ്ശേരി എന്നും പച്ച നിറഞ്ഞ പാടങ്ങളുടെയും, ആമ്പല്‍പ്പൂക്കള്‍ നിറഞ്ഞ കുളങ്ങളുടേയും, കിനാശ്ശേരി തേവരുടെയും, കുഞ്ഞിക്കൊരന്റെ തേക്ക് പാട്ടിന്‍റെയും നാടായിതുടര്‍ന്നാല്‍ മതി ചെന്താമരാക്ഷന് .അവിടെ 'ജാവ കോഡ് ഏററും, ബഫര്‍ ഓവര്‍ ഫ്ലോയും , എസ്.എല്‍.എ പ്രസന്റേഷനും ഒന്നും വേണ്ട.ചെന്താമരാക്ഷന്‍ പണ്ടേ തീരുമാനിച്ചു .

മകന്‍ അമേരിക്കയിലേക്ക്‌ പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ അഭിമാനതില്‍പ്പരം സന്തോഷമാണ് പരമേശ്വരക്കുറുപ്പിനു തോന്നിയത് .തോമസ്‌ ജെഫേര്‍സണ്‍ടെയും, എബ്രഹാംലിങ്കണ്‍ടെയും നാട്ടിലേക്ക് തന്‍റെ മകന്‍ പോകുന്നു എന്നുള്ളത് ആ പഴയ മലയാളം മാസ്ടര്‍ക്ക് സന്തോഷമേകി .അതും ഷിക്കാഗോയിലേക്ക് .

                                           സ്വാമി വിവേകനന്ദര്‍ , അമേരിക്കയിലെ എന്‍റെ സഹോദരീ സഹോദരങ്ങളെ എന്ന് അഭിസംഭോധന ചെയ്തു പ്രസംഗിച്ച മഹാ നഗരം.

നെഹ്രുവിയന്‍ സിദ്ധാന്തങ്ങളും , ഗാന്ധിയുടെ അനാസക്തി യോഗ സിന്ധാന്തങ്ങളും കേട്ട് പരിചയിച്ചു,  വിശ്വസിച്ചിരുന്ന പരമേശ്വരക്കുറുപ്പിന് വര്‍ത്തമാനകാല  സംഭവ വികാസങ്ങളില്‍ താല്‍പ്പര്യമില്ലാത്തത് ഒബാമയുടെ പുതിയ ഭരണ പരിഷ്കാരങ്ങളിലോ, യു.പി.എ യുടെ നൂതന ആശയങ്ങിളിലോ വിശ്വാസമില്ലാത്തതുകൊണ്ടല്ല, മറിച്ച് വയസ്സായത് കൊണ്ടാണെന്ന് ചെന്താമരാക്ഷന്‍ മനസ്സിനെ വിശ്വസിപ്പിച്ചു .

ചെന്നയില്‍ ജെമിനി ഫ്ലൈ ഓവറിനു താഴെ വിസ ഇന്റര്‍വ്യൂവിനു പോയപ്പോള്‍ ചെന്താമരാക്ഷന്‍ ജീവിതത്തില്‍ ആദ്യമായി കോട്ടും,കണ്oകൌപീനവും(tie) ധരിച്ചു. കോട്ടില്‍ കാക്ക "കടാക്ഷിചെങ്കിലും" അതൊരു നല്ല നിമിത്തമായെടുത്തു .തന്‍റെ പേര് പറയാന്‍ ബുദ്ധിമുട്ടിയ വിസ ഓഫീസറോഡ്‌ തന്നെ "കുറുപ്പ്" എന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ചെന്താമരാക്ഷന്‍റെ മുഖത്ത് ചെറു പുഞ്ചിരി ഉണ്ടായിരുന്നു .അയാള്‍ മനസ്സില്‍ കരുതി .

ഇനി ഒരു പക്ഷെ നാട്ടുകാര്‍ക്കെന്നെ "വലിയ കുറുപ്പ്" എന്ന് വിളിക്കാം . "വലിയ കുറുപ്പ്" .

ചെന്താമരാക്ഷന്‍ തയാര്‍ എടുക്കുകയാണ് , എബ്രഹാം ലിങ്കന്റെ നാട്ടിലേക്ക് ...,സ്വാമികള്‍ പ്രസംഗിച്ച മഹാനഗരത്തിലേക്ക് ... , വില്യം ബ്ലെയരുടെ അതിഥിയായിട്ടുള്ള യാത്രക്കായിട്ട് ...




3 comments:

  1. "വര്‍ക്ക്‌ ഫ്രം ഹോം" ചെയ്യാമെങ്കിലും കിനാശ്ശേരിയിലേക്ക് 'ജാവയെ' കൊണ്ട് പോകാന്‍ താലപ്പര്യമില്ല ചെന്താമരാക്ഷന്.

    കിനാശ്ശേരി എന്നും പച്ച നിറഞ്ഞ പാടങ്ങളുടെയും, ആമ്പല്‍പ്പൂക്കള്‍ നിറഞ്ഞ കുളങ്ങളുടേയും, കിനാശ്ശേരി തേവരുടെയും, കുഞ്ഞിക്കൊരന്റെ തേക്ക് പാട്ടിന്‍റെയും നാടായിതുടര്‍ന്നാല്‍ മതി ചെന്താമരാക്ഷന് .അവിടെ 'ജാവ കോഡ് ഏററും, ബഫര്‍ ഓവര്‍ ഫ്ലോയും , എസ്.എല്‍.എ പ്രസന്റേഷനും ഒന്നും വേണ്ട.ചെന്താമരാക്ഷന്‍ പണ്ടേ തീരുമാനിച്ചു .

    ReplyDelete
  2. ഇത് നിന്റെ തന്നെ കഥ ആണല്ലോ ???

    ReplyDelete
  3. തികച്ചും സാങ്കല്പ്പികങ്ങള്‍ ആയ കഥാപാത്രങ്ങള്‍ ...

    ReplyDelete